‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി; കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് രമേശ് ചെന്നിത്തല. ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടിയാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി വർദ്ധിപ്പിച്ചു. ഇത്രയും കടത്തിന്റെ കുറച്ചു ഭാഗമെങ്കിലും ഇവർ ജനങ്ങൾക്ക് എന്തെങ്കിലും ഗുണകരമായ കാര്യങ്ങൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ സങ്കടമില്ലായിരുന്നു. വരുത്തിവച്ച കടത്തിന് പലിശയടയ്ക്കാനാണ് കൂടുതൽ തുകയും ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവർ നടത്തിയ പ്രഖ്യാനങ്ങൾക്കൊന്നും തെറ്റില്ല. അതെല്ലാം അടുത്ത ഗവൺമെന്റിന്റെ തലയിൽ വരും. അദ്ദേഹം പറഞ്ഞു.
എ.കെ ആന്റണി സർക്കാരിന്റെ കാലത്ത് ശങ്കരനാരയണനാണ് ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന സംവിധാനമായ കിഫ്ബി കൊണ്ടുവന്നത്. ഇന്ന് ഈ സംവിധാനത്തിന്റെ പ്രവർത്തനം പാഴാണ്. പ്രത്യുൽപാദന പരമായ കാര്യങ്ങൾക്ക് ഇവർ പണം ചിലവഴിക്കുന്നില്ല. മാത്രവുമല്ല, അനാവശ്യ ചെലവും വരുത്തുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതിന് മാറ്റം വരുത്തും.
‘സ്ഥാനമാനങ്ങളുടെ പുറകേ നടക്കുന്ന് ശീലമൊന്നും എനിക്കില്ല. എന്നെ കേന്ദ്രമന്ത്രിയാക്കാനും ഉപമുഖ്യമന്ത്രിയാക്കാനുമൊക്കെ പാർട്ടി അവസരം വച്ചുനീട്ടിയപ്പോഴൊക്കെ അത് ഞാൻ നിരസിച്ചതാണ്. കേന്ദ്രമന്ത്രി സ്ഥാനം എനിക്ക് വന്ന അവസരത്തിൽ അതു സംഭവിക്കാതിരിക്കാൻ കേരളത്തിൽ ചില രാഷ്ട്രീയക്കളികളും നടന്നിരുന്നുവെന്നത് മറ്റൊരു കാര്യം. എന്തായാലും ഞാൻ സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല പാർട്ടി പ്രവർത്തനം നടത്തുന്നത്‘.
കോൺഗ്രസിൽ മുഖ്യമന്ത്രിയാവാൻ ഒരുപിടി നേതാക്കളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന് ആകെ പിണറായി വിജയനേ ഉള്ളൂ. അതാണ് അവരും ഞങ്ങളും തമ്മിലുള്ള വ്യത്യാസം. വേറേ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് സീറ്റുപോലും കൊടുക്കില്ല. പരിഗണിക്കാൻ കൂടുതൽ പേരുണ്ട് എന്നതാണ് കോൺഗ്രസിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് മുഖാന്തിരം സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന ഡാറ്റ ചോർത്തിയതിനു പിന്നിലെ കത്തിടപാടുകളുടെ തെളിവുകൾ പുറത്തുകൊണ്ടുവന്നു. ഇനിയും ചില പ്രധാനവിവരങ്ങൾ പുറത്തുവിടാനുണ്ട്. ഉടനെതന്നെ അതും പ്രസിദ്ധപ്പെടുത്തുമെന്നും മാതൃഭൂമിയോട് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ സംബന്ധിച്ച് മുസ്ലീംലീഗ് വലിയൊരു ആസ്തി തന്നെയാണെന്നും കേരളത്തിൽ മതസൗഹാർദ്ദം നിലനിർത്താൻ പ്രയത്നിക്കുന്ന പാർട്ടിയാണ് ലീഗെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.






