
തിരുവനന്തപുരം: മുഖ്യമന്ത്രി വിതരണംചെയ്ത പോലീസ് മെഡലുകളില്‍ വ്യാപക അക്ഷരത്തെറ്റുകളില്‍ ഉണ്ടായ സംഭവത്തില്‍ അന്വേഷണം. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സതീഷ് ബിനോയിയാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുക. ഡിജിപിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിലായിരുന്നു അക്ഷരത്തെറ്റുകളുണ്ടായത്.
തിരുവനന്തപുരത്ത് ഭഗവതി ഏജന്‍സിയാണ് മെഡലുകള്‍ തയ്യാറാക്കിയത്. അക്ഷരത്തെറ്റ് വന്നതിനാല്‍ മുന്‍പ് മാറ്റിവെച്ചിരുന്ന മെഡലുകള്‍ വീണ്ടും നല്‍കിയെന്ന സംശയമുണ്ട്. ഒക്ടോബര്‍ 23-നാണ് ഇവര്‍ക്ക് മെഡലിനുള്ള ഓര്‍ഡര്‍ നല്‍കിയത്. 29-ന് മെഡലുകള്‍ കൈമാറി.

തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളില്‍ അക്ഷരപ്പിശകുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡന്‍’ എന്നാണ് എഴുതിയിരുന്നത്.
ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ഓരോ മെഡലും മുഖ്യമന്ത്രിക്ക് കൈമാറിയത്. ആ സമയംവരെയും മെഡലിലെ അക്ഷരപ്പിശക് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥരാണ് പിശക് കണ്ടെത്തിയത്. തുടര്‍ന്ന് തെറ്റുള്ള മെഡലുകള്‍ തിരികെ വാങ്ങാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. പോലീസ് മെഡല്‍ തയാറാക്കാന്‍ ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തോട് മെഡലുകളിലെ തെറ്റ് തിരുത്തിനല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.