പറ്റ്ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ അടുത്തിടെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ‘ജന്‍ സ്വരാജ്’ എന്ന പാര്‍ട്ടി ബിഹാറിലെ ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഇതിനകം തന്നെ നിരവധി അവകാശവാദങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെയൊരു പ്രസംഗം ശ്രദ്ധ നേടുകയാണ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ ഈടാക്കിയ ഫീസിനെക്കുറിച്ചാണ് പറയുന്നത്. 100 കോടിയിലധികം രൂപയാണ് തന്റെ സേവനത്തിന് ഈടാക്കിയത് എന്നാണ് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ പത്ത് സര്‍ക്കാറുകള്‍ തന്റെ തന്ത്രങ്ങള്‍ അനുസരിച്ചാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ബിഹാറിലെ ബെലഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്യാമ്പയിനുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തുന്നു എന്ന് തന്നോട് ആളുകള്‍ ചോദിക്കുന്നുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ”എന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മതിയായ പണമില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ അത്ര ദുര്‍ബലനാണെന്നാണോ കരുതിയത്. ബിഹാറില്‍ ഞാന്‍ ഈടാക്കിയത് പോലൊരു ഫീസിനെ കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. തെരഞ്ഞെടുപ്പില്‍ ഞാനൊരു പാര്‍ട്ടിക്ക് ഉപദേശം നല്‍കിയാല്‍ എന്റെ ഫീസ് 100 കോടിയോ അതിലധികമോ ആണ്. അടുത്ത രണ്ട് വര്‍ഷത്തേക്ക് എന്റെ പ്രചാരണം കൊണ്ടുപോകാന്‍ അത്തരമൊരു ഉപേദേശം മതി”- ഇങ്ങനെയായിരുന്നു പ്രശാന്ത് കിഷോറിന്റെ വാക്കുകള്‍.
ബിഹാറിലെ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഈ നാല് സീറ്റുകളിലും ജന്‍ സ്വരാജ്് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബെലഗഞ്ചില്‍ നിന്ന് മുഹമ്മദ് അംജദ്, ഇമാംഗഞ്ചില്‍ നിന്ന് ജിതേന്ദ്ര പാസ്വാന്‍, രാംഗഢില്‍ നിന്ന് സുശീല്‍ കുമാര്‍ സിംഗ് കുശ്വാഹ, തരാരിയില്‍ നിന്ന് കിരണ്‍ സിംഗ് എന്നിവരാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍. നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും. ഇതിനിടെ ജന്‍ സ്വരാജ്് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘സ്‌കൂള്‍ ബാഗ്’ ചിഹ്നമായി അനുവദിച്ചു.
സംസ്ഥാനത്ത് ഗുണമേന്മയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നും പ്രശാന്ത് കിഷോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സ്‌കൂള്‍ ബാഗ് ചിഹ്നമായി അനുവദിച്ചത് തനിക്ക് നേട്ടമാകുമെന്നാണ് പ്രശാന്ത് കിഷോര്‍ വിലയിരുത്തുന്നത്.
പ്രചാരണ തന്ത്രങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും വിദഗ്ധനായ പ്രശാന്ത് കിഷോര്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. വന്‍വിജയത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പ്രശാന്ത് കിഷോറിന്റെ ഗ്രാഫ് ഉയര്‍ന്നു. ബിജെപി നേടിയ വന്‍ വിജയത്തിനു പിന്നാലെ പാര്‍ട്ടി നേതൃത്വവുമായി അകന്ന പ്രശാന്തിനെ നിതീഷ് കുമാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 2015ല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനു വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ നിയോഗിച്ചു. ബിജെപിയെ തോല്‍പിച്ച് മഹാസഖ്യം ഭരണത്തിലേറിയതോടെ പ്രശാന്ത് വീണ്ടും താരമായി. പഞ്ചാബ് നിയമസഭാ തെരഞ്ഞടുപ്പിലുള്‍പ്പെടെ കോണ്‍ഗ്രസിന് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഇതിനിടെയാണ് എല്ലാവരുമായും അകന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ബിഹാറില്‍ പോരാട്ടത്തിനിറങ്ങുന്നത്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ആശങ്ക പ്രതിപക്ഷമായ ആര്‍ജെഡിക്കുണ്ട്. അതിനാല്‍ കരുതിയാണ് പ്രശാന്തിന്റെ നീക്കങ്ങളെ ലാലുവും തേജസ്വി യാദവും നേരിടുന്നത്.