CrimeNEWS

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ലീഗ് നേതാവ് അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് ഭരണസമിതി അംഗമായ മുസ്ലിംലീഗ് നേതാവ് അറസ്റ്റിലായി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ എസ് ഷറഫാണ് (60) അറസ്റ്റിലായത്. ശ്രീലങ്കയിലേക്ക് പോകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷറഫിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാജ, ബിനാമി വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ സഹായിച്ചതിന് ഷറഫില്‍നിന്ന് 1.93 കോടി രൂപ പിഴയീടാക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷറഫിനെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Signature-ad

വായ്പ തട്ടിപ്പില്‍ പങ്കാളികളായ 24 യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍നിന്ന് 33.33 കോടി രുപ പിഴ ചുമത്തി ഈടാക്കാനാണ് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. മൂന്ന് മുന്‍ ബാങ്ക് പ്രസിഡന്റുമാര്‍, നിലവിലെ പ്രസിഡന്റ്, മുന്‍ സെക്രട്ടറി, നിലവിലെ സെക്രട്ടറി എന്നിവര്‍ക്കുള്‍പ്പെടെയാണ് പിഴ ചുമത്തിയത്. 100 കോടി രൂപയാണ് സഹകാരികളില്‍നിന്ന് ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത്.

 

Back to top button
error: