KeralaNEWS

ചെലവ് 72 ലക്ഷത്തില്‍ നിന്നു 3024 രൂപയായി ചുരുങ്ങും; എസ്എംഎ മരുന്ന് വില കുറച്ച് നിര്‍മിക്കാമെന്ന് സത്യവാങ്മൂലം

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിക്കുള്ള (എസ്എംഎ) മരുന്ന് തദ്ദേശീയമായി ഉത്പാദിപ്പിച്ചാല്‍ 3024 രൂപ മാത്രമായി ചെലവ് ചുരുക്കാമെന്നു ഹൈക്കോടതിയില്‍ സത്യവാങ്മൂലം. നലവില്‍ മരുന്നിനു ഒരു വര്‍ഷം ചെലവ് 72 ലക്ഷം രൂപയാണ്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിച്ചാല്‍ ചെലവു ചുരുക്കാമെന്നാണ് തദ്ദേശീയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയ രോഗി തന്നെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ വിഷയങ്ങളില്‍ കൃത്യമായി മറുപടിയില്ലെന്നും ഹര്‍ജിക്കാരി.

താനുള്‍പ്പെടെയുള്ള എസ്എംഎ രോഗികള്‍ക്കു ചെലവു കുറഞ്ഞ ചികിത്സ നിഷേധിക്കുന്നത് മൗലിവാകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പേറ്റന്റ് സംരക്ഷണത്തിന്റെ പേരിലാണ് എസ്എംഎ ചികിത്സയ്ക്കുള്ള റിസ്ഡിപ്ലാമിനു വന്‍ വില വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പേറ്റന്റ് നിയമപ്രകാരം നടപടിയെടുത്താല്‍ വളരെ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ റിസ്ഡിപ്ലാം ഉത്പാദിപ്പിക്കാമെന്നു അഡ്വ. മൈത്രോയി എസ് ഹെഗ്‌ഡെ വഴി നല്‍കിയ ഹര്‍ജിയിലെ മറുപടി സത്യവാങ്മൂലത്തില്‍ ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.

Signature-ad

ഇക്കാര്യത്തില്‍ യുഎസിലെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. മെലിസ ബാര്‍ബറിന്റെ വിദഗ്ധാഭിപ്രായവും വിശദീകരണ പത്രികയിലൂടെ കോടതിയില്‍ ?ഹാജരാക്കി. മെലിസയുടെ കണക്കുപ്രകാരം റിസ്ഡിപ്ലാം ഉപയോഗിച്ചു ഒരാളെ ചികിത്സിക്കാന്‍ 25 ശതമാനം നികുതിയുള്‍പ്പെടെ 3024 രൂപയേ പ്രതിവര്‍ഷം വേണ്ടി വരു.

ചെലവു കുറഞ്ഞ ചികിത്സ ലഭ്യമാക്കാനായി 8 അപൂര്‍വ രോ?ഗങ്ങള്‍ക്കു 12 മരുന്നുകള്‍ തദ്ദേശിയമായി വികസിപ്പിക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്നു ആരോഗ്യ ഗവേഷണ വകുപ്പ് അറിയിച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപൂര്‍വ രോഗം ബാധിച്ചവര്‍ക്കുള്ള സഹായം 20 ലക്ഷത്തില്‍ നിന്നു 50 ലക്ഷമായി വര്‍ധിപ്പിച്ചു. സംഭാവന സ്വീകരിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപീകരിച്ചെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

അതേസമയം അപൂര്‍വ രോഗങ്ങള്‍ക്കു പ്രാദേശികമായി മരുന്നു വികസിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പ് പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിസ്ഡിപ്ലാം ഇതിലുണ്ടോയെന്നു വ്യക്തമാക്കിയിട്ടില്ലെന്നു ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമുകളും ഫലപ്രദമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: