KeralaNEWS

‘മൂവ് ഔട്ട് ..’; ആംബുലന്‍സ് യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

തൃശ്ശൂര്‍: പൂരനഗരിയിലെത്തിയത് ആംബുലന്‍സിലല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സുരേഷ് ഗോപി. തൃശ്ശൂരില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.

പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കേയാണ് താന്‍ പൂരനഗരിയില്‍ വന്നത് ആംബുലന്‍സിലല്ലെന്നും കണ്ടെങ്കില്‍ അത് മായക്കാഴ്ചയായിരിക്കുമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ഇതു പറഞ്ഞത്.

Signature-ad

ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് താന്‍ യാത്രചെയ്തത്. ആംബുലന്‍സില്‍വന്നത് കണ്ടുവെങ്കില്‍ അത് മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നറിയാന്‍ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ പോരാ, സി.ബി.ഐ. വരണം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. സിനിമയിലെ ഡയലോഗ് ആയി കണ്ടാല്‍മതി, ഒറ്റത്തന്തക്കു പിറന്നതാണെങ്കില്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആംബുലന്‍സിലല്ല ഏതുവാഹനത്തില്‍ വേണമെങ്കിലും സുരേഷ് ഗോപിക്ക് വന്നിറങ്ങാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വേദിയില്‍വെച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടുതന്നെയാണ് സുരേഷ് ഗോപി സുരേന്ദ്രനെ തിരുത്തിയത്.

സുരേഷ് ഗോപി പുലര്‍ച്ചെ ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ആംബുലന്‍സില്‍ വന്നു എന്നുതന്നെയാണ് ബി.ജെ.പി. നേതാക്കളും പറഞ്ഞിരുന്നത്.

പോലീസ് സുരേഷ് ഗോപിയെ ഒരുവിധത്തിലും പൂരനഗരിയിലേക്ക് കടത്തിവിടില്ലെന്ന നിലപാടെടുത്തപ്പോഴാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ അദ്ദേഹത്തെ കൊണ്ടുവന്നതെന്ന് ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുറച്ചുദൂരം മാത്രമേ സുരേഷ് ഗോപി ആംബുലന്‍സില്‍ സഞ്ചരിച്ചിട്ടുള്ളൂ എന്നും അതാണ് സുരേഷ് ഗോപി ഉദ്ദേശിച്ചതെന്നും ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ പിന്നീട് വിശദീകരിച്ചു.

Back to top button
error: