കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. സംഭവത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 8 പേരുടെ നില അതീവ ഗുരുതരമാണ്.
രാത്രി പന്ത്രണ്ടര മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി, പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയും ചെയ്തു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് വിരിച്ച കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു.
വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്. വസ്ത്രങ്ങളും കത്തിപ്പോയി. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണിത്
പരിക്കേറ്റവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ഇതിനിടെ സംഭവത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ എന്ന് ആരോപണം. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റര്‍ വേണമെന്നാണ് നിയമമെന്നു ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ ക്ഷേത്രത്തിന്റെ പ്രസിഡൻ്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.