എറണാകുളം: കാക്കനാട് കളക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം. പള്ളുരുത്തി സ്വദേശിനി ഷീജയാണ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് തടയുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു നാടകീയമായ സംഭവം. ഷീജയുടെ എന്‍ജിനിയറിങ് ലൈസന്‍സ് വിജിലന്‍സ് ശുപാര്‍ശപ്രകാരം റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി ഓഫീസില്‍ എത്തിയപ്പോഴാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നേരത്തെ ഷീജയുടെ ലൈസന്‍സില്‍ പള്ളുരുത്തിയില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന് പെര്‍മിറ്റെടുത്തിരുന്നു. പിന്നീട് പണിനടന്നപ്പോള്‍ ഈ കെട്ടിടം കൊമേഴ്‌സ്യല്‍ ബില്‍ഡിങ് ആക്കി മാറ്റി. ഇതിന് ഷീജ അനുവദിച്ചില്ല. തുടര്‍ന്ന് മറ്റൊരാളെ ഉപയോഗിച്ച് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വന്നതോടെ ഷീജയുടെ ലൈസന്‍സ് റദ്ദാക്കിയെന്നാണ് ആരോപണം. സംഭവത്തില്‍ തന്നെ കുടുക്കിയതാണെന്നും തനിക്ക് പങ്കില്ലാത്ത സംഭവത്തിലാണ് ലൈസന്‍സ് റദ്ദാക്കിയതെന്നുമാണ് ഷീജ ആരോപിക്കുന്നത്.