KeralaNEWS

ഒളിച്ചുകളി തീരുന്നു, ദിവ്യ ഇന്ന് കീഴടങ്ങും? സമ്മര്‍ദം ശക്തമാക്കി സിപിഎം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക.

കോടതി വിധി വരുന്നതുവരെ കാത്തിരിക്കാതെ, ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ വേഗത്തിലുള്ള നടപടിയാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനിടെ, അന്വേഷണ സംഘത്തിന്റെ തലവനായി ചുമതലയേറ്റ കമ്മീഷണര്‍ അജിത് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്തുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പത്ത് മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ എങ്ങോട്ട് പോയി, വ്യാജ പരാതിയുടെ ഉറവിടം, അഴിമതി, ബിനാമി ആരോപണങ്ങള്‍ തുടങ്ങിയവയും പ്രത്യേക സംഘം അന്വേഷിക്കും.

Signature-ad

നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ദിവ്യയുടെ അധിക്ഷേപമാണെന്ന് പകല്‍പോലെ വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ആദ്യം കേസന്വേഷിച്ചിരുന്ന കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. ദിവ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ ശ്രീജിത് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണിത്.

കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ സംഘത്തിന് മേല്‍നോട്ടം വഹിക്കും. കണ്ണൂര്‍ എസിപി രത്‌നകുമാര്‍, ഇന്‍സ്പെക്ടര്‍ സനല്‍കുമാര്‍, എസ്ഐമാരായ സവ്യസാചി, രേഷ്മ, എഎസ്ഐ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: