KeralaNEWS

കണ്ണൂര്‍ കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന നിലപാടില്‍ റവന്യൂ മന്ത്രി; പരിപാടികള്‍ മാറ്റി

കണ്ണൂര്‍: എഡിഎമ്മിന്റെ ആത്മഹത്യയില്‍ ആരോപണവിധേയര്‍ക്കെതിരെ അതൃപ്തി മാറാതെ റവന്യൂ മന്ത്രി കെ. രാജന്‍. കണ്ണൂര്‍ കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് നിലപാടിലാണ് മന്ത്രി. കണ്ണൂരില്‍ നാളെ നടക്കേണ്ട മൂന്നു പരിപാടികള്‍ മാറ്റി. കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് മാറ്റിയത്.

പട്ടയമേളകളില്‍ അതാതു ജില്ലാ കലക്ടര്‍മാരാണ് അധ്യക്ഷത വഹിക്കുക. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മന്ത്രി തീരുമാനിച്ചത്. എന്നാല്‍ നാളെ തന്നെ നടക്കുന്ന മുണ്ടേരി സ്‌കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തില്‍ മന്ത്രി പങ്കെടുക്കും. ഈ പരിപാടിയില്‍ കലക്ടര്‍ പങ്കെടുക്കുന്നില്ല.

Signature-ad

നവീന്‍ ബാബുവിനെ അനുകൂലിച്ച് മന്ത്രി കെ. രാജന്‍ നേരത്തെ രം?ഗത്തെത്തിയിരുന്നു. സര്‍വീസിലെ മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു നവീന്‍ ബാബുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. കലക്ടറെ മാറ്റണമെന്ന നിലപാടാണ് സിപിഐയും സര്‍വീസ് സംഘടനകളും സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് കലക്ടര്‍ക്കൊപ്പം വേദി പങ്കിടേണ്ടതില്ലെന്ന് മന്ത്രി തീരുമാനിച്ചത്.

എന്നാല്‍, എഡിഎം മരിച്ച ദിവസം തന്നെ പരിപാടികള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയതാണെന്നും കലക്ടറുമായി മന്ത്രിക്ക് നല്ല ബന്ധമെന്നും മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായ പി.പി ദിവ്യ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: