KeralaNEWS

ദിവ്യയ്ക്ക് ഇന്ന് ജാമ്യം കിട്ടുമോ..?  എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിന് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴി, ചാനൽ പ്രവർത്തകരെ സാക്ഷികളാക്കും

     കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് നവീന്‍ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

ഇതിനിടെ നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗം ചിത്രീകരിച്ച കണ്ണൂർ വിഷൻ ക്യാമറാമാന്മാരിൽ  നിന്നും പൊലീസ് മൊഴിയെടുത്തു.
പി പി ദിവ്യ യാത്രയയപ്പ് പരിപാടിക്ക് ക്ഷണിച്ചിരുന്നോ എന്ന കാര്യമാണ്  പൊലീസ് അന്വേഷിച്ചത്. എന്നാൽ ഈ കാര്യം അറിയില്ലെന്നും
ബ്യൂറോയിൽ നിന്നുള്ള  അസൈൻമെൻ്റ് പ്രകാരമാണ് വന്നതെന്നുമാണ്  ക്യാമറാമാൻമാർ നൽകിയ വിശദീകരണം. കണ്ണൂർ വിഷനാണ്  വീഡിയോ അന്നേ ദിവസം പ്രമുഖ ചാനലുകളെല്ലാം ഷെയർ ചെയ്തു  നൽകിയത്.

Signature-ad

ചാനൽ പ്രവർത്തകരെ കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്താതെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. ഇതിനിടെ പി പി ദിവ്യ തന്നെ ഫോണിൽ വിളിച്ചതിൽ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങൾ അവർക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂർ ജില്ലാ കലക്ടർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി പുറത്തുവന്നു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച കലക്ടർ അരുൺ കെ വിജയൻ, യോഗത്തിന് മുമ്പ് അവർ ഫോണിൽ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നൽകിയ മൊഴിയിലാണ് ആ ഫോൺ കോളിൽ അസാധാരണത്വം തോന്നിയില്ലെന്ന് കലക്ടർ പറഞ്ഞത്.

യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവർക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ല,  ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തിൽ മാത്രമെന്നും കലക്ടർ മൊഴി നൽകി. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാൻ ആസൂത്രണം ചെയ്താണ് പി പി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കലക്ടറുടെ മൊഴി.

  ദിവ്യയെ പ്രതി ചേർത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ദിവ്യക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

Back to top button
error: