KeralaNEWS

സൗദി ക്രിമിനല്‍ കോടതി വധശിക്ഷ റദ്ദുചെയ്തിട്ടും റഹീമിന്റെ മോചനം നീളുന്നു

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷ റദ്ദ് ചെയ്യപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല. റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചിരുന്നു. എന്നാല്‍, വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചാണ് വിധിപറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. തിങ്കളാഴ്ചത്തെ സിറ്റിങ്ങില്‍ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പബ്ലിക് പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുകളുടെയെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ മോചനഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ രാവിലെ കോടതിയിലെത്തിയിരുന്നു.

Signature-ad

ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അറിയിക്കും. ഏതുദിവസം സിറ്റിങ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്‍കുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളില്‍തന്നെ മോചനഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സഹായസമിതി ഭാരവാഹികള്‍ പറഞ്ഞു.

സൗദി പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം ജയിലിലായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിഞ്ഞുവരവേയാണ് റഹീമിന്റെ മോചനത്തിനായി നാടൊന്നാകെ കൈകോര്‍ത്തത്. ദിയാധനം സ്വീകരിച്ച് അബ്ദുല്‍ റഹീമിന് മാപ്പുനല്‍കാമെന്ന്, കൊല്ലപ്പെട്ട സൗദിയുവാവിന്റെ കുടുംബം ചൊവ്വാഴ്ച ഔദ്യോഗികമായി റിയാദ് ക്രിമിനല്‍ കോടതിയെ അറിയിക്കുകയും തുടര്‍ നടപടികള്‍ക്കായി പണം കൈമാറുകയും ചെയ്തിരുന്നു. അതോടെ, വധശിക്ഷ കോടതി റദ്ദാക്കി. റഹീമിന്റെ ജയില്‍മോചനം ഉടന്‍ സാധ്യമാകുമെന്നും മാപ്പുനല്‍കിക്കൊണ്ടുള്ള സമ്മതപത്രം റിയാദ് കോടതി ഉടന്‍ റിയാദ് ഗവര്‍ണറേറ്റിന് കൈമാറുമെന്നുമായിരുന്നു ധാരണം.

കൊല്ലപ്പെട്ട അനസ് അല്‍ ഷഹ്‌റിയുടെ കുടുംബത്തിന് ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാല്‍ (ഏകദേശം 35 കോടി രൂപ) ആണ് റിയാദ് ക്രിമിനല്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: