വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. കനേഡിയന്‍-പാക്ക് പൗരനായ തഹാവൂര്‍ റാണയെ ഡിസംബറിലാകും കൈമാറുക. ഇതുസംബന്ധിച്ച് ഇന്ത്യ-യുഎസ് അന്വേഷണ ഏജന്‍സികള്‍ ആശയവിനിമയം നടത്തി. റാണയുടെ ഹര്‍ജി യുഎസ് കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് കൈമാറ്റ നീക്കം.
റാണയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറല്‍ ഉടമ്പടിയുടെ നിബന്ധനകള്‍ക്കുള്ളില്‍ വരുന്നതാണെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. റാണയെ അമേരിക്കയില്‍ കുറ്റവിമുക്തനാക്കിയ കുറ്റകൃത്യങ്ങളില്‍നിന്ന് വ്യത്യസ്തമായ ഘടകങ്ങള്‍ ഇന്ത്യന്‍ ആരോപണങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു യുഎസ് അപ്പീല്‍ കോടതി വിധി.
2020ന്റെ തുടക്കത്തില്‍, കോവിഡ് ബാധിതനായതിനെ തുടര്‍ന്ന്, തെക്കന്‍ കാലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്‍ഡ് ജയിലില്‍ നിന്ന് റാണയെ നേരത്തെ മോചിപ്പിക്കാന്‍ തീരുമാനമായിരുന്നു. ശിക്ഷാ കാലാവധി തീരുന്നതോടെ റാണ മോചിതനാകുമെന്ന കാരണത്താല്‍ റാണയ്ക്ക് വേണ്ടിയുള്ള താല്‍ക്കാലിക അറസ്റ്റ് വാറണ്ടും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള അപേക്ഷയും ഇന്ത്യ വൈകിപ്പിച്ചു. പിന്നീട് ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ജൂണ്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ വച്ച് റാണയെ അറസ്റ്റ് ചെയ്തു.
2021-ല്‍, കൈമാറുന്നതിനുള്ള ഇന്ത്യയുടെ അഭ്യഥന തീര്‍പ്പാക്കാന്‍ ബൈഡന് ഭരണകൂടം ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടു. അഭിഭാഷകന് എതിര്‍ത്തെങ്കിലും വിചാരണയ്ക്കായി റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. നേരത്തെ, 2011 ല്‍ തഹാവൂര്‍ റാണ, ഹെഡ്ലി, ഹാഫിസ് സയീദ്, ലഷ്കര്‍ നേതാവായ സഖിയുര് റഹ്മാന് ലഖ്വി, അല്‍-ഖയ്ദ പ്രവര്ത്തകന് ഇല്ല്യാസ് കശ്മീരി തുടങ്ങി ഒന്‍പത് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് പുറമേ നിരവധി പാക്ക് സൈനിക ഉദ്യോഗസ്ഥരും കേസില്‍ പ്രതികളായിരുന്നു.
മുംബൈ ഭീകരമാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഡേവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്താണ് തഹാവൂര്‍ റാണ. ഹെഡ്ലി അഞ്ചുവര്‍ഷം പഠിച്ച പാക്കിസ്ഥാനിലെ ഹാസന് അബ്ദല്‍ കാഡറ്റ് സ്കൂളിലാണ് റാണ പഠിച്ചത്. പാക്ക് ആര്‍മിയില്‍ ഡോക്ടറായി ജോലി ചെയ്ത റാണ പിന്നീട് കാനഡയിലേക്ക് താമസം മാറുകയും കനേഡിയന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു.