ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശച്ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആര്‍ടിഇ നിയമത്തിന് അനുസൃതമല്ലാത്ത മദ്രസകളുടെ അംഗീകാരം പിന്‍വലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നത്.
എന്‍സിപിസിആറിന്റെ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്‍സിപിസിആര്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച തുടര്‍ നിര്‍ദ്ദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എന്‍സിപിസിആര്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ജം ഇയ്യത്തുല്‍ ഉലമയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അംഗീകാരമില്ലാത്ത മദ്രസകളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ എയ്ഡഡ് മദ്രസകളില്‍ പഠിക്കുന്ന മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവുകള്‍ സ്റ്റേ ചെയ്ത സുപ്രീംകോടതി, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 7 നും ജൂണ്‍ 25 നും പുറപ്പെടുവിച്ച എന്‍സിപിസിആറിന്റെ ഉത്തരവുകളില്‍ നടപടിയെടുക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കാനുമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മദ്രസകളെ ആര്‍ടിഇ നിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.