IndiaNEWS

ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് അംഗീകാരമില്ല; പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

ജയ്പുര്‍: ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത് രാജസ്ഥാനിലെ സര്‍വകലാശാല. ചിത്തോര്‍ഗഢിലുള്ള മേവാര്‍ സര്‍വകലാശാലയിലാണ് സംഭവം. ബി.എസ്.സി. നഴ്‌സിങ് കോഴ്‌സിന് രാജസ്ഥാന്‍ നഴ്സിങ് കൗണ്‍സിലില്‍ (ആര്‍എന്‍സി), ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ (ഐഎന്‍സി) അംഗീകാരം നേടുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധിച്ച 35 കശ്മീരി വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.

കഴിഞ്ഞ മൂന്നുദിവസമായി വിദ്യാര്‍ഥികള്‍ രാപ്പകല്‍ സമരം നടത്തിവരികയാണ്. കോഴ്‌സിന് അംഗീകാരം ലഭിക്കാത്തത് വിദ്യാര്‍ഥികളുടെ അക്കാദമിക് ഭാവി അപകടത്തിലാക്കുന്നുവെന്ന് അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നാസിര്‍ ഖുഹാമി പറഞ്ഞു. വിദ്യര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അക്കാദമിക് കരിയര്‍ സംരക്ഷിക്കുന്നതിനും പകരം പുറത്താക്കാനുള്ള സര്‍വകലാശാല നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താനുള്ള വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

മേവാര്‍ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥികളായ 35 പേരെ സസ്‌പെന്‍ഡ് ചെയ്തതായി സര്‍വകലാശാല രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പൊതുശല്യവും അസഹ്യമായ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കരുതെന്നും ഞായറാഴ്ച രാത്രി എട്ടിനകം ഹോസ്റ്റല്‍ ഒഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴ്സിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം തെറ്റിദ്ധാരണയാണെന്നും രാജസ്ഥാന്‍ നഴ്സിങ് കൗണ്‍സിലിനെതിരെ സര്‍വകലാശാല കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പ്രദീപ് ഡേയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: