KeralaNEWS

രാഹുലുമായി തര്‍ക്കമില്ല; ‘കല്ലറ സന്ദര്‍ശന’ വിവാദത്തില്‍ വ്യക്തത വരുത്തി ചാണ്ടി ഉമ്മന്‍

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിലുമായി ഒരു തര്‍ക്കവുമില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കഴിഞ്ഞ ദിവസം രാഹുലുമായി സംസാരിച്ചിരുന്നു. പിതാവിന്റെ കല്ലറ ആര്‍ക്കും എപ്പോഴും സന്ദര്‍ശിക്കാം. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് അനുസരിക്കണമെന്നും സരിന്‍ തെറ്റുതിരുത്തണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.

പാലക്കാടും വയനാടും ഉറപ്പായ സീറ്റുകളാണ്. എന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പുതുപ്പള്ളിയില്‍ വരുമ്പോള്‍ ഞാന്‍ എങ്ങനെ ബഹിഷ്‌കരിക്കാനാണ്? രാഹുലുമായി ഒരു തര്‍ക്കവുമില്ല. രണ്ടു ദിവസം മുന്‍പ് രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയില്‍ കാണാമെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ഷെഡ്യൂളില്‍ മാറ്റം വന്നു. ഇന്നും നാളെയും ഡല്‍ഹിയില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട് കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Signature-ad

മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തര്‍ക്കം സഹിക്കാനാവുന്നില്ല. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. ആര്‍ക്കും എപ്പോഴും സന്ദര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍; പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസില്‍ പുകയുന്നു?

സരിന് തെറ്റുപറ്റിയെന്നും ചാണ്ടി ചൂണ്ടിക്കാട്ടി. സരിന്‍ തെറ്റുതിരുത്തണം. പാര്‍ട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അത് അനുസരിക്കണം. എന്നെ നേരത്തെ ഔട്ട്റീച്ച് ചുമതലയില്‍നിന്നു മാറ്റിയിരുന്നു. അപ്പോഴും പാര്‍ട്ടിയാണ് വലുതെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ നിലപാട് ഒരു തരത്തിലും ബാധിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: