കേരളത്തിലെ വ്യവസായ വിപ്ലവത്തിൻ്റെ സൂര്യോദയം എന്ന് വിശേഷിപ്പിച്ചാണ് സിപിഎം നേതൃത്വത്തിൽ സഹകരണ സ്ഥാപനമായ റബ്കോ ആരംഭിച്ചത്. പക്ഷേ വൈവിധ്യവത്കരണവും വികസന പ്രവർത്തനങ്ങളും തുണയാകാതെ 900 കോടിയിലേറെ രൂപയുടെ നഷ്ടത്തിൽ മുങ്ങി താഴുകയാണ് 1500 ഓളം പേർ ജോലി ചെയ്യുന്ന ഈ സഹകരണ സ്ഥാപനം ഇന്ന്.
വായ്പാ തിരിച്ചടവുകൾ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയാതോടെയാണ് റബ്കോയുടെ നഷ്ടക്കണക്കുകൾ പെരുതിയത്.
കഴിഞ്ഞ 2 മാസമായി ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത പ്രതിസന്ധിയിലാണ് റബ്കോ. സ്ഥാപനം കടക്കെണിയിലായത് മാത്രമല്ല, നിക്ഷേപങ്ങൾ നൽകിയ വിവിധ സഹകരണ ബാങ്കുകളെയും റബ്കോ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സ്ഥാപനം പക്ഷെ കോടിക്കണക്കിന് രൂപയുടെ നഷ്ടക്കണക്കിലാണിപ്പോൾ.
കഴിഞ്ഞ ദിവസം സഹകരണ മന്ത്രി നിയമസഭയിൽ നൽകിയ കണക്ക് അനുസരിച്ച് റബ്കോയുടെ കടബാധ്യത 293 കോടി 80 ലക്ഷം രൂപയാണ്. 2001 മുതൽ 2004 വരെ കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിന്ന് റബ്കോ സ്വീകരിച്ച നിക്ഷേപം ഒരുകോടി രണ്ടുലക്ഷം രൂപ. വായ്പ സ്വീകരിച്ചതല്ലാതെ മുതലോ പലിശയോ തിരിച്ചടച്ചില്ലെന്ന് മാത്രമല്ല ബാധ്യത വളര്‍ന്ന് ഇപ്പോഴത് ഏഴുകോടി 57 ലക്ഷം രൂപയായി. നിക്ഷേപത്തുക റബ്കോ തിരിച്ചടക്കാത്തത് കൊണ്ട് മാത്രം കോട്ടയം ജില്ല സഹകരണ ബാങ്ക് നിഷ്ക്രിയ ആസ്തിയാക്കിയത് 150 കോടി രൂപയാണ്.
ഇത് അടക്കം 450 ഓളം പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് റബ്കോ മടക്കി നൽകാനുള്ള സ്ഥിര നിക്ഷേപം 322.41 കോടി രൂപ വരും.
എല്ലാം ചേര്‍ത്ത് റബ്കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേക്ടിന്റെ കണ്ടെത്തൽ.