LIFELife Style

എസ്.ഐയാകാന്‍ മോഹിച്ച് നടനായി, ട്രിവാന്‍ഡ്രം ക്ലബ്ബിലെ തോക്ക് കേസില്‍ ഒളിവ് ജീവിതം; വെള്ളയമ്പലത്ത് ‘രക്തം’ നല്‍കാതെ ലഹരിപരിശോധന ഒഴിവാക്കി ബൈജു സന്തോഷിന്റെ ‘സൂപ്പര്‍ ഷോ’

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ച് വിദേശമലയാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിന് നടന്‍ ബൈജുവിനെതിരെ പൊലീസ് കേസെടുത്തത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. അന്ന് മാസങ്ങളോളം ബൈജു ഒളിവില്‍ കഴിഞ്ഞു. വഴുതയ്ക്കാടെ ബൈജുവിന്റെ വീട്ടില്‍ നിന്നും തോക്ക് പൊലീസ് കണ്ടെടുത്തു. തോക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഇതേ വ്യക്തിയാണ് ട്രിവാന്‍ഡ്രം ക്ലബ്ബിന് ഒരു കിലോമീറ്റര്‍ മാറി മറ്റൊരു വിവാദത്തില്‍ കുടുങ്ങുന്നത്.

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഉടന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കാര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാര്‍, സ്‌കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷന്‍ ഓഡി കാറിലായിരുന്നു യാത്ര. ഈ കാറിന്റെ രജിസ്ട്രേഷനും മറ്റും പോലീസ് അന്വേഷിക്കും.

Signature-ad

മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സ്‌കൂട്ടര്‍ യാത്രികന്‍ പരാതി നല്‍കിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പരാതി നല്‍കിയില്ലെങ്കിലും വൈദ്യുത പോസ്റ്റില്‍ ഇടിച്ചതു കൊണ്ട് കെ എസ് ഇ ബിയ്ക്ക് ഇടപെടാന്‍ വകുപ്പുണ്ട്. പോസ്റ്റിന് കേടുപാടുണ്ടെങ്കില്‍ നഷ്ടവും വാങ്ങാം. മുമ്പും ഇത്തരം കേസുകളില്‍ കുടുങ്ങിയ ചരിത്രം ബൈജുവിനുണ്ട്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ അടുത്ത സുഹൃത്താണ്. കുടുംബത്തിലെ ഒരാള്‍ ആര്‍ എസ് എസിലെ താക്കോല്‍ സ്ഥാനത്തുമുണ്ട്. ബിജെപിയുമായി മുമ്പ് അടുപ്പമുണ്ടായിരുന്ന ബൈജു മന്ത്രി ശിവന്‍കുട്ടിയുടേയു അടുത്ത സുഹൃത്താണ്.

2005ല്‍ ട്രിവാന്‍ഡ്രം ക്ലബ്ബിലെ ക്ലബ്ബിലെ നിശാപരിപാടിക്കിടെയാണ് വിദേശ മലയാളിയായ പത്തനംതിട്ട സ്വദേശി പി.എന്‍.മധുമോഹനനെ ബൈജു മര്‍ദിച്ചത്. തന്നെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മധുമോഹന്‍ പൊലീസില്‍ മൊഴി നല്‍കി. അന്ന് രാവിലെ ബൈജുവിനെ അറസ്റ് ചെയ്യാന്‍ ശ്രമിക്കാതിരുന്ന പൊലീസ് രാത്രിയാണ് ബൈജുവിന്റെ വീട്ടിലെത്തിയത്. അപ്പോഴേക്കും ബൈജു മുങ്ങിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തിയത്. തലസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ബൈജുവിന്റെ സുഹൃത്തുക്കളാണ്. ട്രിവാന്‍ഡ്രം ക്ലബ്ബിലെ ഒരു കാലത്തെ പ്രധാനിയായിരുന്നു ബൈജു. ഇതെല്ലാം ബന്ധങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു.

അങ്ങനെയുള്ള സുഹൃത്തുക്കളുടെ സമ്മര്‍ദം മൂലമാണ് ബൈജുവിന് ഒളിവില്‍ പോകാന്‍ പൊലീസ് വഴിയൊരുക്കിയതെന്ന് ആരോപണം അന്നുയര്‍ന്നിരുന്നു. ആയുധനിയമം ലംഘിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളിലാണ് ബൈജുവിനെതിരെ കേസെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തോക്ക് പൊലീസിനെ ഏല്പിക്കണമെന്ന നിര്‍ദേശവും ബൈജു അന്ന് ബൈജു പാലിച്ചിരുന്നില്ല. 2005 നവംബറിലായിരുന്നു തോക്ക് ചൂണ്ടിയുള്ള ഭീഷണി. ഇതിന് ശേഷം തോക്ക് ലൈസന്‍സ് ബൈജുവിന് കിട്ടിയില്ല. രണ്ടു സുഹൃത്തുക്കള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതാണ് തോക്ക് കേസിന് കാരണമെന്നാണ് ബൈജു പറഞ്ഞിരുന്നത്. അബദ്ധത്തില്‍ തോക്ക് തന്റെ മടിയില്‍ വീണു. അതെടുത്തതോടെ തോക്ക് ചൂണ്ടി ഭീഷണിയായെന്നാണ് ബൈജു വിശദീകരിച്ച് വന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ ആകാനായിരുന്നു ബൈജുവിന്റെ മോഹം. പ്രീഡിഗ്രി വരെ പഠിച്ചെങ്കിലും ആ മോഹം നടന്നില്ല. അതിനിടെ സിനിമയിലെത്തി. എന്റെ യഥാര്‍ഥ പേര് സന്തോഷ് കുമാര്‍ എന്നാണ്. വീട്ടിലും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്ന പേരാണ് ബൈജു. ന്യൂമറോളജി അനുസരിച്ച് ബൈജു എന്ന പേരിന്റെ കൂടെ യഥാര്‍ഥ പേരായ സന്തോഷ് കുമാര്‍ എന്നു കൂടി ചേര്‍ത്തിട്ടുണ്ട്. അങ്ങനെയാണ് ബൈജു സന്തോഷ് കുമാര്‍ ആയത്. ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ചെറിയ വിശ്വാസം ബൈജുവിനുണ്ട്. സിനിമയില്‍ ഒരു ഇടവേള സംഭവിച്ചിരുന്നു. കുറച്ചു റിയല്‍ എസ്റ്റേറ്റും മറ്റു ബിസിനസുകളുമൊക്കെയായിരുന്നു അപ്പോഴത്തെ പരിപാടികള്‍.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി അഭിനയിച്ചത് ഒരു നാടകത്തിലാണ്. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ആദ്യ സിനിമ ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’യില്‍ അഭിനയിക്കുന്നത്. പഠനമൊക്കെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ നിര്‍ത്തി. എങ്കിലും, ഇംഗ്ലിഷിലൊക്കെ അത്യാവശ്യം സംസാരിക്കാനുള്ള അറിവ് സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ ലഭിച്ചു. പഠിക്കുന്ന കാലത്ത് സബ് ഇന്‍സ്പെക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. അന്നു സബ് ഇന്‍സ്പെക്ടര്‍ ആയി കേറിയിരുന്നെങ്കില്‍ ഇന്ന് എസ്പി ആകുമായിരുന്നുവെന്ന് ബൈജു എപ്പോഴും പറയുമായിരുന്നു. അങ്ങനെയുള്ള ആഗ്രഹങ്ങള്‍ സിനിമയിലൂടെ പൂര്‍ത്തീകരിച്ചുവെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ബൈജു.

 

Back to top button
error: