”മോന്റെ എല്ലാ താന്തോന്നിത്തരത്തിനും വളം വെച്ചു കൊടുക്കുന്ന വീട്ടുകാരെ… കുറച്ചെങ്കിലും ഉളുപ്പും നീതിയും എന്നോട് കാണിക്കുക”
മമ്മൂട്ടിക്കൊപ്പം ‘പേരന്‍പ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് അഞ്ജലി അമീര്‍. ഇന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നായിക എന്ന റെക്കോഡും അഞ്ജലിക്കുണ്ട്. സിനിമയിലും മോഡലിങ് രംഗത്തും സജീവമായി മുന്നോട്ട് പോകുമ്പോള്‍ ജീവിതത്തിലുണ്ടായ നിരാശ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലിയിപ്പോള്‍. വാക്കിനു വില ഉള്ളവരെ മാത്രമേ പ്രണയിക്കാവൂ എന്ന് തുടങ്ങുന്ന കുറിപ്പിലാണ് അഞ്ജലി തന്റെ അനുഭവം പങ്കുവച്ചത്. ഒരു ആണ്‍ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് കുറിപ്പ്. കള്ളും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരമാണെന്നും, പക്ഷെ അതുപയോഗിച്ച് മറ്റുള്ളവരെ കെണിയില്‍ പെടുത്തുന്നതും ചതിക്കുന്നതും ശരിയല്ലെന്നും അഞ്ജലി കുറിക്കുന്നു.
‘സൗദിയില്‍ എവിടെയാ കള്ള് കിട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വാറ്റിയതാണെന്ന് പറഞ്ഞ് അന്തസ്സ് കാണിക്കുന്നവന്റെ തൊട്ടിത്തരം അന്നെനിക്ക് മനസ്സിലായില്ല. അതിന്റെ കിക്ക് തീര്‍ന്നാല്‍ ഒന്നും ഓര്‍മയും ഉണ്ടാവില്ല. കള്ളും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരമാണ്. അതുപയോഗിച്ച് മറ്റുള്ളവരെ കെണിയില്‍ പെടുത്തുന്നതും ചതിക്കുന്നതും അതിന്റെ കിക്ക് പോയാല്‍ ഓര്‍മ്മയില്ലാത്ത പൊട്ടനായി അഭിനയിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. കാരണം ഇതിലൊക്കെ ഇരയായി മനസ്സു നഷ്ടപ്പെട്ടതും കണ്ണീര്‍ ഒഴുക്കുന്നതും ഞാനാ. മോന്റെ എല്ലാ താന്തോന്നിത്തരത്തിനും വളം വെച്ചു കൊടുക്കുന്ന വീട്ടുകാരെ..കുറച്ചെങ്കിലും ഉളുപ്പും നീതിയും എന്നോട് കാണിക്കുക’- അഞ്ജലി അമീര്‍ കുറിച്ചു.
ഈ ലോകത്ത് മറ്റെന്തിനെക്കാളും താന്‍ സ്‌നേഹിച്ച സുഹൃത്ത് ചതിച്ചുവെന്നും ഒരു പ്രശ്‌നം വന്നപ്പോള്‍ തള്ളിപ്പറയുകയും അടച്ചാക്ഷേപിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അഞ്ജലി മറ്റൊരു കുറിപ്പ് പങ്കുവച്ചിരുന്നു. ഒരുപാട് വേദനയോടെയാണ് അഞ്ജലി തന്റെ കുറിപ്പെഴുതി അവസാനിച്ചിരിക്കുന്നത്. ഒരുപാട് അടിപിടികള്‍ നമുക്കിടയില്‍ ഉണ്ടാവാറുണ്ടെങ്കിലും നീ ഒന്ന് വിളിച്ചാല്‍ നിന്നെ ഒന്ന് കണ്ടാല്‍ എന്റെ എല്ലാ പരിഭവവും മാറും. നീ ഇല്ലായ്മയില്‍ ഞാന്‍ എങ്ങനെയാ ഞാനാവുന്നേ’… എന്നായിരുന്നു അഞ്ജലിപറഞ്ഞത്. പിന്നാലെ അയാള്‍ തന്നെ ഉപേക്ഷിച്ച് പോയെന്നും നടി സൂചിപ്പിച്ചു.
”നീ എങ്ങോട്ട് ആണ് ഈ ഒളിച്ചോടുന്നതെന്ന് ഞാന്‍ ഒരു പോസ്റ്റ് ഇട്ടു. അത് സത്യം. അത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റൊന്നും അല്ല. ഞാന്‍ പല പ്രാവിശ്യം പറഞ്ഞതാണ് ഈ റിലേഷന്‍ ശരിയാവില്ല, ആരും അംഗീകരിക്കില്ല എന്നുള്ളത്. അപ്പോഴൊക്കെ നീ എന്റെ കൂടെ നിന്ന് പ്രചോദനം തന്നു. ഒരു പ്രശ്‌നം വന്നപ്പോള്‍ എന്നെ തള്ളിപ്പറയുന്ന അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല. എന്റെ ലൈഫില്‍ പലരും വന്നു പോയിട്ടുണ്ട്. അവര്‍ക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്‌നേഹവുമാണ് ഞാന്‍ നിനക്ക് തന്നിരുന്നത്. ഇപ്പോള്‍ നിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ല.
ഒക്കെ അവസാനിപ്പിച്ചു ഞാന്‍ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ്. പിന്നെയും ഞാന്‍ ചതിക്കപ്പെട്ടു. ഇനി വന്നാലും നിന്നെ ഞാന്‍ വിശ്വസിക്കും. അത് ഞാന്‍ വിഡ്ഢി ആയത് കൊണ്ടല്ല, മറിച്ചു അത്രയും ഞാന്‍ ഇഷ്ടപ്പെടുന്ന കൊണ്ടാ… ഇതൊക്കെ കണ്ടു എന്റെ വിഷമം കണ്ടു ചിലപ്പോള്‍ നീ ഹാപ്പി ആയിരിക്കും. പക്ഷെ ഒന്ന്, നീ കാരണം ഞാന്‍ മരിച്ചു വീണാല്‍ ഒന്നോര്‍ക്കുക ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനസമാധാനവും കിട്ടില്ല. അവന്റെ ഭാഗം മാത്രം കേള്‍ക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും നിങ്ങളുടെ മകന്‍ വേദനിക്കുന്നതിനെക്കാളും ഒരായിരം ഇരട്ടി ഞാന്‍ വേദനിക്കുന്നുണ്ട്. ഇത്തിരി മനസ്സാക്ഷി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഒന്ന് മനസ്സിലാക്കുക..”- എന്നുമാണ് ആണ്‍സുഹൃത്തിനോട് അഞ്ജലി പറയുന്നത്.