കൊച്ചി: ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും ഉള്‍പ്പെട്ട ലഹരിമരുന്നു കേസില്‍ ശ്രീനാഥ് ഭാസിയുടെ മൊഴികള്‍ പലതും പരസ്പര വിരുദ്ധം. കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴികള്‍ നിര്‍ണായകമാകും. ചോദ്യം ചെയ്യലില്‍ പ്രയാഗ അന്വേഷണ സംഘത്തോടു സഹകരിച്ചു. നടന്‍ ശ്രീനാഥ് ഭാസിക്കും ലഹരിറാക്കറ്റിന്റെ കൊച്ചിയിലെ പ്രധാന ഇടനിലക്കാരന്‍ ബിനു ജോസിനും ഒപ്പമാണു ലഹരി പാര്‍ട്ടി നടന്ന ദിവസം പ്രയാഗ കുണ്ടന്നൂരിലെ ഹോട്ടല്‍ മുറിയില്‍ എത്തിയത്. ഓംപ്രകാശിനെക്കുറിച്ചും ലഹരി പാര്‍ട്ടിയെക്കുറിച്ചും അറിയാതെയാണു ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഹോട്ടലില്‍ എത്തിയതെന്നാണു പ്രയാഗയുടെ മൊഴി. ഇതേദിവസം ഹോട്ടലില്‍ ഓംപ്രകാശിനെയും ഷിഹാസിനെയും സന്ദര്‍ശിച്ച 20 പേരില്‍ 12 പേരുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇക്കൂട്ടത്തില്‍ സിനിമാ ബന്ധമുള്ള കൂടുതല്‍ പേരുണ്ടെന്നാണു പൊലീസിനു കിട്ടിയ വിവരം.
മൊഴി നല്‍കിയ പ്രയാഗ അടക്കം പലരും പ്രതികളെ സംരക്ഷിക്കുന്ന മൊഴികളല്ല പൊലീസിനു നല്‍കിയത്. ഇരുവരും രക്ത പരിശോധനയ്ക്കു തയാറായിരുന്നെങ്കിലും പൊലീസ് ഒഴിവാക്കി. കൊച്ചിയില്‍ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. വന്‍കിട ലഹരിക്കച്ചവടങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും വേണ്ടി മാത്രമാണ് ഓംപ്രകാശും ഷിഹാസും നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ മുറിയെടുക്കാറുള്ളത്. ഇവര്‍ക്കു സ്വാധീനമുള്ള ആഡംബര ഫ്‌ലാറ്റുകളിലാണ് സാധാരണ ദിവസങ്ങളില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിക്കുന്നത്.
ലഹരിപാര്‍ട്ടികളില്‍ നിന്നു ലഭിക്കുന്ന തുകയുടെ 10 മുതല്‍ 20 ശതമാനം വരെ പാര്‍പ്പിട സമുച്ചയ അസോസിയേഷന്‍ ഭാരവാഹികള്‍ക്കു ‘കപ്പം’ നല്‍കിയാണ് ഇവര്‍ നിശാപാര്‍ട്ടികള്‍ക്കു വേദി ഒരുക്കുന്നത്. ഇതില്‍ രണ്ടിടങ്ങളില്‍ ഓംപ്രകാശിനും ഷിഹാസിനും സ്വന്തമായും വാടകയ്ക്കും ഫ്‌ലാറ്റുകളുണ്ട്. മുംബൈയില്‍ നിന്നുള്ള ബാര്‍ ഡാന്‍സര്‍മാരെയും ഇത്തരം പാര്‍ട്ടികള്‍ക്കു വേണ്ടി ഷിഹാസ് കൊച്ചിയിലെത്തിക്കാറുണ്ട്. പാര്‍ട്ടികള്‍ക്കു ‘സംരക്ഷണം’ ഒരുക്കലാണു ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളുടെ പണി.