മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തു. അമരാവതി എംഎല്‍എ സുല്‍ഭ ഖോഡ്കെയെ ആണ് ശനിയാഴ്ച സസ്പെന്‍ഡ് ചെയ്തത്. ആറ് വര്‍ഷത്തേക്കാണ് നടപടി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാര്‍ട്ടി എംഎല്‍എയ്ക്കെതിരേയുള്ള നടപടി.
ആ വര്‍ഷമാദ്യം നടന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മാറ്റിയ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരിലൊരാളായിരുന്നു സുല്‍ഭ ഖോഡ്കെ. ക്രോസ് വോട്ടിനെ തുടര്‍ന്ന് പ്രതിപക്ഷസഖ്യമായ മഹാവികാസ് അഖാഡി സ്ഥാനാര്‍ഥി ജയന്ത് പാട്ടീല്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് സുല്‍ഭ അടക്കമുള്ള എംഎല്‍എമാര്‍ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്ന് കാണിച്ച് വ്യാപക പരാതികള്‍ ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാനധ്യക്ഷന്‍ നാന പട്ടോലെ പ്രസ്തവനയില്‍ അറിയിച്ചു. പാര്‍ട്ടിയുടെ മഹാരാഷ്ട്ര ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍യ്ക്കെതിരേ നടപടി സ്വീകരിച്ചതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
അതേസമയം പുറത്താക്കപ്പെട്ട സുല്‍ഭ ഖോഡ്കെയുടെ ഭര്‍ത്താവ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത അനുയായി ആണ്. പാര്‍ട്ടി നടപടി നേരിട്ട പശ്ചാത്തലത്തില്‍ അജിത് പവാര്‍ നയിക്കുന്ന എന്‍സിപിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.