IndiaNEWS

സ്വന്തം താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി; ഹരിയാന തോല്‍വിയില്‍ നേതാക്കളെ കുടഞ്ഞ് രാഹുല്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കിയെന്നും പാര്‍ട്ടി താല്‍പര്യം രണ്ടാമതായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

ഭൂപീന്ദര്‍ സിങ് ഹൂഡയടക്കമുള്ള ചില നേതാക്കളുടെ വ്യക്തിതാല്‍പര്യങ്ങളും പിടിവാശികളുമാണ് ഇത്രയും വലിയ പരാജയത്തില്‍ കലാശിച്ചതെന്ന പൊതുവിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ പേരെടുത്ത് വിമര്‍ശിക്കുംമുമ്പ് വോട്ടിങ് മെഷീനില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തിലൂന്നിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോവുന്നത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്.

Signature-ad

ഇതിനിടെ കുമാരി ഷെല്‍ജയടക്കമുള്ള നേതാക്കള്‍ ഹൂഡയ്ക്കെതിരെ രംഗത്തുവന്നിരുന്നു. നേതൃമാറ്റമടക്കമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈയൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് രാഹുല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

വിജയിക്കാനുള്ള എല്ലാ അനുകൂല സാഹചര്യമുണ്ടായിട്ടും അതിനു സാധിക്കാതിരുന്നതിന്റെ കാരണം നേതാക്കളുടെ വ്യക്തിതാല്‍പര്യങ്ങളാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കര്‍ഷക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവയൊക്കെ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയിട്ടും വിജയിക്കാനായില്ല. നേതാക്കളുടെ താല്‍പര്യപ്രകാരമുള്ള ചില സ്ഥാനാര്‍ഥികള്‍ വേണമെന്നുള്ള പിടിവാശിയും തോല്‍വിയിലേക്കു നയിച്ചെന്നും വിമര്‍ശനമുണ്ട്.

അതേസമയം, ഹരിയാനയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനായി സമിതി ഉണ്ടാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചെന്നും കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയില്‍ 90 സീറ്റുകളില്‍ 37 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

 

Back to top button
error: