മകന്റെ വാശിയാണ്, മകളുടെ കല്യാണത്തിന് വിളിച്ചിരുന്നു, പക്ഷെ… ടിപി മാധവന്റെ വാക്കുകള്‍
ദീര്‍ഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം നടന്‍ ടിപി മാധവന്‍ ലോകത്തോട് വിട വാങ്ങി. കുറച്ച് കാലമായി ഓര്‍മ്മ പോയ നടന്റെ ആരോഗ്യ നില മോശമായിരുന്നു. ടിപി മാധവന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടം വലിയ വാര്‍ത്താ പ്രാധാന്യം നേടിയതാണ്. മക്കളായി രണ്ട് പേരുണ്ടെങ്കിലും ഇവരാരും ഇദ്ദേഹത്തിനൊപ്പമില്ല. മക്കള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍ ബന്ധം ഉപേക്ഷിച്ച് പോയതാണ് നടന്‍. ബോളിവുഡിലെ സംവിധായകന്‍ രാജ കൃഷ്ണ മേനോനാണ് ടിപി മാധവന്റെ മകന്‍. ദേവിക എന്നാണ് മകളുടെ പേര്.
മക്കള്‍ തന്നില്‍ നിന്നകന്നതിനെക്കുറിച്ച് ഒരിക്കല്‍ ടിപി മാധവന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മക്കള്‍ രണ്ട് പേരും നല്ല നിലയിലാണെങ്കിലും താനുമായി സംസാരിക്കാറില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. മകള്‍ ബാംഗ്ലൂരില്‍ പഠിച്ചതാണ്. അവിടെയുള്ള കന്നഡികനായ ഒരു ലെദര്‍ എക്സ്പോര്‍ട്ടറെ വിവാഹം ചെയ്തു.
ആ കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധമുണ്ടായില്ല. മകന്റെ വാശി എനിക്കിഷ്ടപ്പെട്ടു. ആ വാശിക്ക് അവന്‍ സിനിമയില്‍ തന്നെ നിന്നു. മക്കളെ വിളിക്കണമെന്ന് തോന്നിയിട്ടുണ്ട്. പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. പിന്നെ വേണ്ടെന്ന് വെച്ചു. ദുരഭിമാനമല്ല, ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. ഗാന്ധിഭവനില്‍ താന്‍ നല്ല രീതിയിലാണ് കഴിയുന്നതെന്നും അന്ന് ടിപി മാധവന്‍ പറഞ്ഞു.
മകനെ കാണണമെന്ന് അവസാന കാലത്ത് ടിപി മാധവന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഗാന്ധി ഭവനില്‍ പറഞ്ഞതുമാണ്. എന്നാല്‍ ടിപി മാധവനെ കാണാന്‍ മകന്‍ വന്നില്ല എന്നാണ് പുറത്ത് വന്ന വിവരം. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ടിപി മാധവന്റെ മക്കള്‍ക്കെതിരെ വ്യാപക വിമര്‍ശനം വന്നിരുന്നു. ഒരിക്കല്‍ ഇതേക്കുറിച്ച് രാജ കൃഷ്ണ മേനോന്‍ സംസാരിക്കുകയും ചെയ്തു.
അച്ഛന്‍ ഞങ്ങളെ നോക്കിയിട്ടില്ല. ജീവിതത്തില്‍ ആകെ കണ്ടത് രണ്ട് തവണയാണ്. അമ്മ ഗിരിജയാണ് ഞങ്ങളെ വളര്‍ത്തിയത്. ഏറെ പ്രതിസന്ധികള്‍ നേരിട്ടാണ് അമ്മ തന്നെയും സഹോദരിയെയും വളര്‍ത്തിയതെന്നും രാജ കൃഷ്ണ മേനോന്‍ പറഞ്ഞു. 89 വയസിലാണ് ടിപി മാധവന്‍ ലോകത്തോട് വിട പറഞ്ഞത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യ നില മോശമായപ്പോള്‍ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമുണ്ടായി.
സുധ എന്നാണ് ടിപി മാധവന്റെ മുന്‍ഭാര്യയുടെ പേര്. താന്‍ സിനിമാ രംഗത്തേക്ക് വന്നതില്‍ ഭാര്യക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും ഇതാണ് വേര്‍പിരിയലിന് കാരണമായതെന്നും നടന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പ് പരസ്യ ഏജന്‍സി നടത്തുകയായിരുന്നു ടിപി മാധവന്‍. പ്രൊഫസര്‍ എന്‍പി പിള്ളയാണ് ടിപി മാധവന്റെ പിതാവ്. 1975 ല്‍ പുറത്തിറങ്ങിയ രാഗം ആണ് ടിപി മാധവന്റെ ആദ്യ സിനിമ. 600 ലേറെ സിനിമകളില്‍ നടന്‍ അഭിനയിച്ചു. 2015 മുതല്‍ പത്തനാപുരം ഗാന്ധിഭവനിലാണ് ടിപി മാധവന്‍ കഴിഞ്ഞത്.