IndiaNEWS

ഹരിയാനയില്‍ ലീഡില്‍ കേവലഭൂരിപക്ഷത്തിലേക്ക് ബിജെപി; ജമ്മുകശ്മീരില്‍ ‘ഇന്‍ഡ്യ’

ന്യൂഡല്‍ഹി: എക്സിറ്റ്പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തി ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നെങ്കില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി ഒപ്പത്തിനൊപ്പം പിടിച്ചു. രാവിലെ 9.55 ലെ ലീഡ് നില വച്ച് ബിജെപി 47 സീറ്റിലും കോണ്‍ഗ്രസ് 37 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷം എന്ന മാന്ത്രിക സഖ്യ 46 ആണ്. അന്തിമ ഫലം ഈ നിലയിലാണെങ്കില്‍ സ്വതന്ത്രരും ചെറുകക്ഷികളുമായി അഞ്ച് സീറ്റില്‍ ലീഡ് ചെയ്യുന്നവര്‍ നിര്‍ണായകമാകും

എക്സിറ്റ്പോളുകളെല്ലാം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിപ്പിച്ചപ്പോഴും ബി.ജെ.പി ആത്മവിശ്വാസത്തിലായിരുന്നു. മോദി മാജിക്കില്‍ ഇത്തവണയും ഭരണം കൈവിട്ട് പോവില്ലെന്ന് ബിജെപി കണക്കു കൂട്ടി. ആകെയുള്ള 90 സീറ്റില്‍ 46 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് ആവശ്യമെങ്കിലും 55 സീറ്റ് വരെയായിരുന്നു കോണ്‍ഗ്രസിന് പ്രധാന എക്സിറ്റ് പോളുകളുടെയെല്ലാം പ്രവചനം. പക്ഷെ ഇതിനെ മറികടക്കുന്നതായി കാര്യങ്ങള്‍.

Signature-ad

വിമതശല്യവും കര്‍ഷക സമരവും ജെ.ജെ.പിയുടെ പിണങ്ങിപ്പോക്കുമെല്ലാം ലോക്സഭയ്ക്ക് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അടിപതറുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. ആദ്യ ഘട്ടംമുതല്‍ക്ക് തന്നെ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റവും നടത്തിയിരുന്നു. ഇതോടെ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തവര്‍ ആഘോഷവും തുടങ്ങിയിരുന്നു.

എന്നാല്‍, ജമ്മുകശ്മീരില്‍ തുടക്കം മുതല്‍ ലീഡ് നിലകള്‍ മാറിമറിഞ്ഞ നിലയിലായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്‍ഡ്യ സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചിരുന്നത്. ഇന്‍ഡ്യ മുന്നണിയുടെ മുന്നേറ്റത്തോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും ബിജെപി തൊട്ടുപിന്നാലെ എത്തി. ഏറ്റവും ഒടുവിലെ കണക്കുകളില്‍ 54 സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും 23 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റുകളിലാണ് പിഡിപിയുടെ മുന്നേറ്റം. മറ്റുള്ളവര്‍ പതിനൊന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഈ കണക്ക് ഏത് സമയത്തും മാറിമറിയുന്ന സ്ഥിതിയാണ്. 90 അംഗനിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: