കാസര്‍ഗോഡ്: സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പത്തൊന്‍പത് വയസ്സുകാരന് 123 വര്‍ഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ. പതിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ടതും ഗര്‍ഭിണിയായതും. അരീക്കോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ പതിനൊന്നുമാസംകൂടി സാധാരണ തടവ് അനുഭവിക്കണം.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സഹോദരന്‍ പെണ്‍കുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് വിധേയമാക്കി ഗര്‍ഭിണിയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംരക്ഷണച്ചുമതലയുള്ള സഹോദരന്‍ തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തുമ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭിണിയായ അതിജീവിത ചികിത്സതേടിയത്. എന്നാല്‍, ആശുപത്രി അധികൃതര്‍ ഈ വിവരം മറച്ചു വെച്ചു. ഈ വിവിരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാല്‍ ചികിത്സിച്ച ഡോക്ടര്‍ കേസിലെ രണ്ടാംപ്രതിയാണ്. ഇയാള്‍ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേചെയ്തിരിക്കയാണിപ്പോള്‍. മറ്റൊരു ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി കുഞ്ഞിന് ജന്മംനല്‍കി. ഇവിടത്തെ ഡോക്ടറാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം പോലീസില്‍ അറിയിച്ചത്.
അതിജീവിതയടക്കം പ്രധാനസാക്ഷികളെല്ലാം കൂറുമാറിയ കേസില്‍ ഡി.എന്‍.എ. തെളിവായി സ്വീകരിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ പ്രതി ഒന്നിച്ചനുഭവിച്ചാല്‍ മതി.
ശിക്ഷാവിധി വായിച്ചു കേട്ടതിനു പിന്നാലെ പ്രതി കോടതിയില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതിയെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.