കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ.ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാതാരങ്ങളും. കൊച്ചി മരടിലെ ആഡംബര ഹോട്ടലില്‍ ഓംപ്രകാശിനെ കാണാനെത്തിയവരില്‍ മലയാളത്തിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇവര്‍ക്കു പുറമേ ഇരുപതോളം പേര്‍ ഓംപ്രകാശിനെയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസിനെയും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇരുവര്‍ക്കും ഇന്നു ജാമ്യം അനുവദിച്ചിട്ടുണ്ട്.
വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏതാനും ദിവസം മുമ്പ് കൊച്ചിയില്‍ എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡന്‍സാഫ് സംഘത്തിനാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടു ലഹരി ഇടപാടുകള്‍ നടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ലീറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നു എന്നു പൊലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ന്‍ ഉപയോഗിച്ചതിനുശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയില്‍നിന്നു കണ്ടെടുത്തു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നതറിയാനുള്ള രക്തപരിശോധനയ്ക്കുള്ള സാംപിളും പൊലീസ് ശേഖരിച്ചിരുന്നു.
കോടതിയില്‍ ഹാജരാക്കി പ്രതികളെ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി തെളിയിക്കാനുള്ളതെന്നും പ്രഥമദൃഷ്ട്യാ ഇല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷാ റിപ്പോര്‍ട്ടിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിനെ സന്ദര്‍ശിച്ചിരുന്നതായും ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നതായും വ്യക്തമാക്കിയിരിക്കുന്നത്.
ബോബി ചലപതി എന്നയാള്‍ ബുക്ക് ചെയ്തിരുന്ന മുറിയിലായിരുന്നു ഓംപ്രകാശും ഷിഹാസും ഉണ്ടായിരുന്നത്. 1421, 1423, 1506 എന്നീ മുറികളില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്നു ശനിയാഴ്ച ഡിജെ പാര്‍ട്ടി നടത്തി എന്നാണു കസ്റ്റഡി അപേക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്ന് ലഹരി മരുന്നിന്ന് ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ശനിയാഴ്ചയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും ഇവിടെ എത്തിയത് എന്നാണ് വിവരം. മുറിയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം മനസിലായ സാഹചര്യത്തില്‍ ഇരുവരുടെയും മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.