CrimeNEWS

കൊച്ചിയില്‍ കാമുകനെതിരെ പരാതി നല്‍കിയ യുവതി മരിച്ചനിലയില്‍; മുങ്ങിയ വയനാട് സ്വദേശിയെ തപ്പി പൊലീസ്

കൊച്ചി: കാമുകനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനില്‍ അനീഷ ജോര്‍ജ് (22) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ താമസിക്കുന്ന കലൂര്‍ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങിയനിലയിലായിരുന്നു. യുവതിയുടെ കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രിയാണ് യുവതി വനിതാസ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 10ന് യുവാവിനോടും അനീഷയോടും സ്റ്റേഷനില്‍ ഹാജരാകാന്‍ വനിതാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

Signature-ad

രാവിലെ ഏഴരയോടെ അയല്‍വീട്ടുകാരാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. വീട്ടുടമ നോര്‍ത്ത് പൊലീസിനെ അറിയിച്ചു. നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പരാതിയില്‍ പറയുന്ന ഗൗരവമേറിയ കാര്യങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. കൊച്ചിയിലെ ഒരു മാളിലാണ് കാമുകന്‍ ജോലി ചെയ്തിരുന്നത്. ഇയാള്‍ ഒളിവിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: