CrimeNEWS

ഉറക്കമില്ലാതായിട്ട് 45 ദിവസം! ജോലി സമ്മര്‍ദം മൂലം ബജാജ് ഫിനാന്‍സ് മാനേജര്‍ ജീവനൊടുക്കി

ലക്‌നൗ: കടുത്ത ജോലി സമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ബജാജ് ഫിനാന്‍സ് ഏരിയ മാനേജരായ തരുണ്‍ സക്‌സേന (42) ആത്മഹത്യ ചെയ്തു.

45 ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് 5 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ തരുണ്‍ വെളിപ്പെടുത്തി. ബജാജ് ഫിനാന്‍സ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാര്‍ഥ്, പിഹു എന്നിവരെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.

Signature-ad

വായ്പകളുടെ തവണ (ഇഎംഐ) പിരിച്ചെടുക്കുന്ന ജോലിയാണ് തരുണ്‍ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കര്‍ഷകരാണ്. കാര്‍ഷിക വിള നാശം മൂലം പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നതായി ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ പറയുന്നു. ‘ഞാന്‍ ഉറങ്ങിയിട്ട് 45 ദിവസമായി. ഭക്ഷണം കഴിക്കാന്‍ വയ്യാതായി. കടുത്ത സമ്മര്‍ദമാണ്. ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കാനാണ് മേലുദ്യോഗസ്ഥര്‍ പറയുന്നത്. എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ പോകുന്നു’ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് തരുണ്‍ എഴുതി.

കുട്ടികളുടെ ഈ വര്‍ഷത്തെ ഫീസ് മുഴുവന്‍ അടച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. 2 മേലുദ്യോഗസ്ഥരുടെ പേരുകള്‍ എടുത്തുപറഞ്ഞ് അവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പല സഹപ്രവര്‍ത്തകര്‍ക്കും സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് ഇഎംഐ അടയ്‌ക്കേണ്ടി വന്നതായും കത്തില്‍ പറയുന്നു.

രാവിലെ നടന്ന വീഡിയോ കോണ്‍ഫറന്‍സിലും മേലധികാരികള്‍ ഭീഷണിപ്പെടുത്തിയെന്ന് തരുണിന്റെ ബന്ധുവായ ഗൗരവ് സക്‌സേന പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍ ഗൗതം അറിയിച്ചു.

Back to top button
error: