വ്യാജഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു, കടലുണ്ടി കോട്ടക്കടവിലെ ടി.എം.എച്ച് ആശുപത്രിയിലാണ് 5 വർഷക്കാലം ‘വ്യാജൻ’ വിലസിയത്
കോഴിക്കോട്: കടലുണ്ടി കോട്ടക്കടവിലെ ടി.എം എച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടറുടെ ചികിത്സയെ തുടർന്ന് രോഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശിയായ വിനോദ് കുമാർ ആണ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയതും തുടർന്ന് മരണം സംഭവിച്ചതും.
ആശുപത്രിയിലെ ആർ.എം.ഒ. ആയിരുന്ന തിരുവല്ല സ്വദേശി അബു എബ്രഹാമാണ് (36) ചികിത്സ നൽകിയത്. എംബിബിഎസ് പൂർത്തിയാക്കാത്ത ഇയാളെ ഫറോക്ക് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മരണപ്പെട്ട പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60)കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നു 23ന് പുലർച്ചെ നാലരയോടെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന അബു ഏബ്രഹാം രക്തപരിശോധനയും ഇസിജിയും നിർദേശിച്ചെങ്കിലും അര മണിക്കൂറിനകം വിനോദ്കുമാർ മരിച്ചു.
സംശയത്തെ തുടർന്ന് വിനോദ് കുമാറിന്റെ മകനും പിജി ഡോക്ടറുമായ പി.അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ 5 വർഷമായി ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച ഇയാൾ എംബിബിഎസ് പൂർത്തിയാക്കിയിട്ടില്ലെന്നു കണ്ടെത്തി.
ഇതോടെ അബു എബ്രഹാമിനു എംബിബിഎസ് ബിരുദം ഇല്ലെന്നും ചികിത്സയിൽ പിഴവുണ്ടായെന്നും കാണിച്ച് വിനോദ് കുമാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്, ഫറോക്ക് അസി.കമ്മിഷണർ എ.എം സിദ്ദിഖിനു കീഴിലുള്ള പ്രത്യേക സംഘത്തിനെ അന്വേഷണം ഏൽപിച്ചു. കഴിഞ്ഞ ദിവസം രാത്രി മുക്കത്തെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.