തൃശൂർ: പീച്ചി കല്ലിടുക്കില്‍ കാർ തടഞ്ഞ് രണ്ടര കിലോ സ്വർണം തട്ടിയ സംഭവത്തില്‍ മുഖ്യ പ്രതിയടക്കം 5 പേർ പൊലീസ് പിടിയിലായി.
മുഖ്യപ്രതി തിരുവല്ല തിരുമൂലപുരം ചുങ്കത്തിലായ ചിറപ്പാട്ടില്‍ വീട്ടില്‍ റോഷൻ വർഗീസ് (29), തിരുവല്ല ആലംതുരുത്തി മാങ്കുളത്തില്‍ വീട്ടില്‍ ഷിജോ വർഗീസ് (23), തൃശൂർ എസ്.എൻ പുരം പള്ളിനട ഊളക്കല്‍ വീട്ടില്‍ സിദ്ദിഖ് (26), തൃശൂർ നെല്ലായി കൊളത്തൂർ തൈവളപ്പില്‍ വീട്ടില്‍ നിശാന്ത് (24), തൃശൂർ കൈപ്പമംഗലം മൂന്നുപീടിക അടിപറമ്ബില്‍ വീട്ടില്‍ നിഖില്‍ നാഥ് (36) എന്നിവരെയാണ് മണ്ണുത്തി, പീച്ചി, വിയ്യൂർ, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണസംഘം പിടികൂടിയത്.
സിദ്ദിഖ്, നിശാന്ത്, നിഖില്‍ നാഥ് എന്നിവരെ 27ന് പുലർച്ച 3.30ഓടെ കുതിരാനില്‍ നിന്നാണ് പിടികൂടിയത്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം നടത്തിയ അന്വേഷണത്തില്‍ തിരുവല്ലയില്‍നിന്നാണ് ഷിജോ വർഗീസ്, റോഷൻ വർഗീസ് എന്നിവരെ കസ്റ്റടിയിലെടുത്തത്.
പ്രതികള്‍ വാഹനത്തില്‍ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റ് അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു. സ്ക്വാഡിനും പൊലീസുകാർക്കും കിട്ടിയ രഹസ്യവിവരമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.
പ്രതികള്‍ ഉപയോഗിച്ച 2 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. കവർച്ചയുടെ പ്രധാന സൂത്രധാരൻ റോഷൻ വർഗീസ് ആണെന്നും കർണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. മറ്റു പ്രതികള്‍ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കോയമ്ബത്തൂരില്‍ നിന്ന് രണ്ടര കിലോയോളം സ്വർണവുമായി വാഹനത്തില്‍ വരുകയായിരുന്ന രണ്ടുപേരെ കല്ലിടുക്കില്‍ വെച്ച് 3 വാഹനങ്ങളിലായി വന്ന പ്രതികള്‍ തടഞ്ഞുനിർത്തി ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കുകയായിരുന്നു.
പ്രതികള്‍ക്ക് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കവർച്ചക്കിരയായവർ ഒല്ലൂർ സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ടോള്‍പ്ലാസകളും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികള്‍ ഉപേക്ഷിച്ച കാർ നടത്തറയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ മേല്‍നോട്ടത്തില്‍ ഒല്ലൂർ അസി. കമീഷണർ സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ പീച്ചി ഇൻസ്പെക്ടർ അജിത്ത്, മണ്ണുത്തി സബ് ഇൻസ്പെക്ടർ കെ.സി. ബൈജു, വിയ്യൂർ സബ് ഇൻസ്പെക്ടർ ന്യൂമാൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.