IndiaNEWS

500 രൂപാ നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍! ഗുജറാത്തില്‍ 1.60 കോടിയുടെ വ്യാജ കറന്‍സി പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ചിത്രമാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് പകരം ‘റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും എഴുതിയിരിക്കുന്നു.

വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പലരും സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ചിലര്‍ ഇത് തമാശയായി കാണുകയും ചെയ്തു. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി പൊലീസ് അറിയിച്ചു. അഹമ്മദാബാദിലെ മനേക് ചൗക്കില്‍ ബുള്ളിയന്‍ സ്ഥാപനം നടത്തുന്ന മെഹുല്‍ തക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Signature-ad

2,100 ഗ്രാം സ്വര്‍ണം വേണമെന്ന ആവശ്യവുമായി പ്രതികള്‍ തക്കറിനെ സമീപിച്ചിരുന്നു. സെപ്തംബര്‍ 24ന് നവരംഗ്പുര ഏരിയയിലെ സിജി റോഡിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ സ്വര്‍ണം എത്തിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തക്കര്‍ സ്വര്‍ണവുമായി തന്റെ രണ്ട് ജീവനക്കാരെ ഓഫീസിലേക്ക് അയച്ചു. വിലയായി 1.3 കോടിയുടെ പണമടങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പ്രതികള്‍ ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തു. നോട്ടെണ്ണല്‍ മെഷീനില്‍ നോട്ടുകള്‍ എണ്ണാനും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ബാക്കിയുള്ള 30 ലക്ഷം രൂപ അടുത്തുള്ള കടയില്‍ നിന്ന് എടുത്തുതരാമെന്ന് പറഞ്ഞ് രണ്ട് പ്രതികളും കടയില്‍ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍, തക്കറിന്റെ ജീവനക്കാര്‍ പ്ലാസ്റ്റിക് കവര്‍ തുറന്നപ്പോള്‍ അതില്‍ വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നവരംഗ്പുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ, ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ ഒരു ഓണ്‍ലൈന്‍ വസ്ത്ര സ്റ്റോറിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ കറന്‍സി നിര്‍മാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നടന്‍ ഷാഹിദ് കപൂര്‍ അഭിനയിച്ച ഫാര്‍സി എന്ന വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതികള്‍ വ്യാജനോട്ട് അച്ചടിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: