NEWSPravasi

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയന്‍ ജോലി ഇനി എളുപ്പത്തില്‍: ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം, 1000 വിസകള്‍

വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാര്‍ എന്നും ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കങ്കാരുവിന്റെ നാട് എന്നറിയപ്പെടുന്ന ഓസ്ട്രേലിയ. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ ഒരു ജോലി ലഭിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്. ഒരുപാട് കടമ്പകള്‍ ഇതിനായി കടക്കേണ്ടി വരും.

എന്നാല്‍ ഓസ്ട്രേലിയന്‍ ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യ-ഓസ്ട്രേലിയ ഇടക്കാല സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഓസ്ട്രേലിയ ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും 1,000 വരെ തൊഴില്‍, അവധിക്കാല വിസകള്‍ വാഗ്ദാനം ചെയ്യും. ഓസ്ട്രേലിയയുടെ ഈ നീക്കത്തെ പ്രശംസിച്ച് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തി.

Signature-ad

ഈ നീക്കം ചലനാത്മകത സുഗമമാക്കുകയും ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2022 ഡിസംബര്‍ മുതല്‍ ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര കരാറും നിലവില്‍ വന്നിരുന്നു. പുതിയ കരാറിലൂടെ ലഭിക്കുന്ന വിസ പദ്ധതിയില്‍ 18 മുതല്‍ 30 വയസുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓസ്ട്രേലിയയിലുടനീളം ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും ഒരു വര്‍ഷത്തെ വിസയ്ക്ക് അപേക്ഷിക്കാം.

ഓരോ വര്‍ഷവും 1000 വിസകളാണ് ഓസ്‌ട്രേലിയ അനുവദിക്കുക. 12 മാസത്തെ കാലാവധിയുണ്ടാകും. എല്ലാ യോഗ്യതയുമുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, നിലവിലുള്ള വ്യാപാര കരാറിന്റെ വ്യാപ്തി ഒരു സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയിലേക്ക് വിപുലീകരിക്കാന്‍ ഇരു കക്ഷികളും ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 2030ഓടെ 100 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം കൈവരിക്കുക, ബഹുമുഖ, മറ്റ് പ്രാദേശിക ഫോറങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: