KeralaNEWS

മെഡി. കോളേജ് അഡൈ്വസറി കമ്മിറ്റി യോഗത്തിലേക്ക് അതിക്രമിച്ചു കയറി; ആശാ ലോറന്‍സിന്റെ അഭിഭാഷകര്‍ക്കെതിരെ കേസ്; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിനെതിരെ നിയമനടപടിക്ക് മകള്‍

കൊച്ചി: എം.എം ലോറന്‍സിന്റെ മകള്‍ ആശയുടെ അഭിഭാഷകര്‍ക്കെതിരെ കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കളമശ്ശേരി പൊലീസ് കേസടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തി, അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഡൈ്വസറി കമ്മിറ്റി യോഗം ചേരുന്നതിനിടെ യോഗത്തിലേക്ക് അതിക്രമിച്ചുകയറിയതിനാണ് കേസെടുത്തത്.

അതിനിടെ, ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള അഡൈ്വസറി കമ്മിറ്റി തീരുമാനത്തിനെതിരെ നിയമനട പടിക്ക് ഒരുങ്ങുകയാണ് മകള്‍ ആശ. ആശ വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും. സ്വാധീനത്തിനു വഴങ്ങിയാണ് അഡൈ്വസറി കമ്മിറ്റി തീരുമാനമെടുത്തതെന്നാണ് ആശയുടെ ഇപ്പോഴത്തെ ആരോപണം.

Signature-ad

ലോറന്‍സിന്റെ മകന്‍ സജീവനാണ് മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടത്. ചികിത്സയിലിരിക്കെ മരണപ്പെട്ടാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം.എം ലോറന്‍സ് വ്യക്തമാക്കിയിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള അനാട്ടമി ആക്റ്റ് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ അഡൈ്വസറി കമ്മിറ്റി തീരുമാനിച്ചത്.

ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ വിസ്തരിച്ച് കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകന്‍ സജീവന്‍ ആവര്‍ത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ല. അതേസമയം,, എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കരുതെന്ന് മകള്‍ ആശ എതിര്‍പ്പ് ആവര്‍ത്തിച്ചു. സാക്ഷികളായ അഡ്വ. അരുണ്‍ ആന്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കണം എന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്.

മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി കൂട്ടിച്ചേര്‍ത്തു. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നും വാദിച്ചാണ് മകള്‍ ആശയുടെ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയില്‍ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കല്‍ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറന്‍സിന്റെ മകന്‍ എംഎല്‍ സജീവന്‍ പ്രതികരിച്ചത്.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: