NEWSWorld

ലെബനനെ മുച്ചൂടുംമുടിച്ച് ഇസ്രയേല്‍; മരണസംഖ്യ 569 ആയി, കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്ള കമാന്‍ഡറും

ബെയ്റൂട്ട്: ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി ഉയര്‍ന്നു. 1835 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ നടന്ന ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖബിസി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു.

ലെബനനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറാണെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതോടെ യുദ്ധ ഭീതിയിലാണ് ലോകം. യു എസിന് പിന്നാലെ പൗരന്മാര്‍ ഉടന്‍ ലെബനന്‍ വിടാന്‍ ബ്രിട്ടനും നിര്‍ദ്ദേശിച്ചു. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ അടിയന്തര രക്ഷാ സമിതി ഇന്ന് യോഗം ചേരും. അതേസമയം, ഇസ്രയേലിന്റെ ഓരോ ആക്രമണത്തിനും മറുപടി ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

Signature-ad

വടക്കന്‍ മെഡിറ്ററേനിയന്‍ തീരത്തെ ഇസ്രയേല്‍ നേവല്‍ കമാന്‍ഡോ യൂണിറ്റിന്റെ ആസ്ഥാനമായ അറ്റ്‌ലിറ്റ് നാവിക താവളം ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിനുനേരെയുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ് ഹിസ്ബുള്ള. ലെബനനില്‍ കൂട്ട പലായനവും തുടരുന്നു.

സംഘര്‍ഷം കണക്കിലെടുത്ത് വടക്കന്‍ ഇസ്രയേലിലെ സ്‌കൂളുകള്‍ അടച്ചു. അന്താരാഷ്ട്ര എയര്‍ലൈനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി. സംഘര്‍ഷം നിറുത്തണമെന്ന് ഈജിപ്റ്റ്, തുര്‍ക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. നിരവധി ലോക നേതാക്കള്‍ തങ്ങളുടെ യുഎന്‍ ജനറല്‍ അസംബ്ലി പ്രസംഗങ്ങളില്‍ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചു. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: