KeralaNEWS

ആക്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തി, നിലത്തിട്ട് ചവിട്ടി; പരാതിയുമായി ആശ ലോറന്‍സ്

കൊച്ചി: പിതാവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ചടങ്ങില്‍ തനിക്കും മകനും മര്‍ദനമേറ്റെന്ന പരാതിയുമായി മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയ്ക്കാണ് ആശ പരാതി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍, സഹോദരനും ഗവ. പ്ലീഡറുമായ അഡ്വ. എം.എല്‍.സജീവന്‍, സഹോദരീ ഭര്‍ത്താവായ ബോബന്‍ വര്‍ഗീസ് എന്നിവര്‍ തന്നെയും മകനെയും കയ്യേറ്റം ചെയ്‌തെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഇ മെയിലായി നല്‍കിയ പരാതിയില്‍ പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എം.എം.ലോറന്‍സ് അന്തരിച്ചത്. തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്, മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പിന്നാലെ ആശയും മകനും ടൗണ്‍ഹാളിലെത്തി. വൈകിട്ട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്തായിരുന്നു കയ്യാങ്കളിയും ഉന്തും തള്ളും അരങ്ങേറിയത്.

Signature-ad

താനും മകന്‍ മിലന്‍ ജോസഫും അവിടെ എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ തങ്ങളെ ആക്രമിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തിയിരുന്നുവെന്ന് ആശ പരാതിയില്‍ പറയുന്നു. പൊലീസ് അവിടെ ഉണ്ടായിരുന്നെങ്കിലും നിഷ്‌ക്രിയരായിരുന്നു. ബോബന്‍ വര്‍ഗീസും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി തന്റെ മകനെ ആക്രമിച്ചു. തന്നെ നിലത്തിട്ട് ചവിട്ടിയെന്നും ആശ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: