Life StyleNEWS

തിരശ്ശീലയിലെ താരറാണി; സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം

ജീവിച്ചിരുന്നപ്പോള്‍ സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നിട്ടും ആഘോഷിക്കപ്പെടാതെ, എന്നാല്‍ മരണശേഷം ആഘോഷിക്കപ്പെട്ട കലാകാരി. സില്‍ക്ക് സ്മിതയെപ്പോലെ ഈ വിശേഷണത്തിന് അനുയോജ്യയായ മറ്റൊരാള്‍ തെന്നിന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായിരിക്കും. ഇന്നും പകരം വെക്കാനില്ലാത്ത സാന്നിധ്യമായ ഈ കലാകാരി ജീവിതത്തിന്റെ ബിഗ് സ്‌ക്രീനില്‍നിന്ന് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 28 വര്‍ഷങ്ങള്‍.

ദാരിദ്യം കൊണ്ട് നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നയാളാണ് സ്മിത എന്ന വിജയലക്ഷ്മി്. ആന്ധ്ര പ്രദേശിലെ എല്ലൂര്‍ സ്വദേശിയായ വിജയലക്ഷ്മി പിന്നീട് അക്കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ തന്നെ കേന്ദ്രമായിരുന്ന മദ്രാസിലെ കോടമ്പാക്കത്തേക്ക് എത്തി. 1978 ല്‍ കന്നഡ ചിത്രമായ ബെഡിയില്‍ മുഖം കാണിച്ചാണ് സിനിമയിലെ അരങ്ങേറ്റം.1979 ല്‍ വണ്ടിചക്രമെന്ന തമിഴ് ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് കരിയര്‍ ബ്രേക്ക് ആയത്.

Signature-ad

സ്മിതയുടെ സാന്നിധ്യം സിനിമകള്‍ക്ക് മിനിമം ഗ്യാരന്റി കൊടുക്കുന്ന ഒരു കാലമാണ് പിന്നീട് ഉണ്ടായത്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍പ്പോലും സില്‍ക്ക് സ്മിത ഒരു അഭിവാജ്യ ഘടകമായി. ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോലും സില്‍ക്ക് സ്മിത അന്ന് വാങ്ങിയത് അതത് ചിത്രങ്ങളിലെ നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ്. ഒന്നര പതിറ്റാണ്ട് കാലം സില്‍ക്ക് ഇന്ത്യന്‍ സിനിമയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ടവളായി. മാദകത്വമുള്ള ശരീരം കൊണ്ടുള്ള അനായാസ ചുവടുകളും കണ്ണിലെ കനല്‍ കൊണ്ടും തിരശ്ശീലയില്‍ തീ പൊഴിച്ച സ്മിത 17 വര്‍ഷം കൊണ്ട് അഭിനയിച്ചത് 450 ലേറെ സിനിമകളിലാണ്.

കടിച്ച ആപ്പിളിന് പോലും പൊന്നും വിലയിട്ട, തരത്തിലുള്ള ഒരു ആരാധകക്കൂട്ടം അന്ന് മറ്റൊരു താരത്തിനും ഉണ്ടായിരുന്നില്ല. ഒടുവില്‍ സ്വയം മരണം തെരഞ്ഞെടുത്തപ്പോള്‍ അവരുടെ മൃതദേഹത്തിന് ചുറ്റും തടിച്ച്കൂടാന്‍ പക്ഷേ ആരും ഉണ്ടായില്ല. മുപ്പത്തി ആറാം വയസ്സിലായിരുന്നു അത്. 1996 സെപ്റ്റംബര്‍ 23 ന് കോടമ്പാക്കത്തെ വസതിയിലാണ് സ്മിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വിവിധ പരിശോധനകള്‍ സ്ഥിരീകരിച്ചു. പക്ഷേ എന്തിന് എന്ന വലിയ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ഉണ്ടായിരുന്നില്ല. അന്നും ഇന്നും.

സില്‍ക്ക് സ്മിതയുടെ ഡേറ്റിനായി ക്യൂ നിന്നവരും ചിത്രങ്ങള്‍ കാണാന്‍ ആദ്യദിനം തിയറ്ററില്‍ ഇരച്ചെത്തിയവരും അവരെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല. ഒരു അനാഥശവം പോലെ അവര്‍ മദിരാശി നഗരത്തില്‍ എവിടെയോ അലിഞ്ഞുചേര്‍ന്നു. ഒരു വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും സില്‍ക്ക് സ്മിത പരിഗണിക്കപ്പെട്ടുതുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഹിന്ദിയിലും കന്നടയിലും മലയാളത്തിലും സ്മിതയുടെ ജീവിതം പ്രചോദനമായ സിനിമകള്‍ വന്നു. ഒരുപാടു സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ആ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഉണ്ടായ കാരണം മാത്രം പ്രേക്ഷകര്‍ക്ക് ഇപ്പോഴും അജ്ഞാതം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: