CrimeNEWS

‘കിഷ്‌കിന്ധാകാണ്ഡം’! യു.പിയില്‍ ആറുവയസുകാരിയെ പീഡനത്തില്‍നിന്ന് രക്ഷിച്ച് കുരങ്ങന്‍മാര്‍

ലഖ്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയത് കുരങ്ങുകളെന്ന് ആറ് വയസുകാരി. ഉത്തര്‍പ്രദേശിലെ ബാഘ്പതിലാണ് സംഭവം. കുരങ്ങുകള്‍ തന്നെ രക്ഷിച്ചുവെന്ന് യു.കെ.ജി. വിദ്യാര്‍ഥിനിയായ കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് ഒളിവില്‍ പോയി.

ബാഘ്പതിലെ ദൗല ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുവാവ് കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയുടെ വസ്ത്രങ്ങളഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് അവിടെക്ക് കുരങ്ങന്മാരുടെ കൂട്ടം ഇരച്ചെത്തി ആക്രമണം ആരംഭിച്ചത്. ഇതോടെ ഇയാള്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Signature-ad

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടിപ്പോകുകയും മാതാപിതാക്കളോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു. കുട്ടിയുടെ കുടുംബം ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനായി ഊര്‍ജ്ജിതമായ തിരച്ചിലാണ് നടക്കുന്നത്.

യുവാവ് കുട്ടിയെ കൊണ്ടുപോകുന്നത് ഗ്രാമത്തിലെ വിവിധ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മറ്റൊരു ഗ്രാമത്തില്‍ നിന്നെത്തിയതാണെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. വീടിന് സമീപത്തുനിന്ന് കളിക്കുന്നത് കണ്ടാണ് ഇയാള്‍ കുട്ടിക്ക് സമീപമെത്തുകയും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: