തൃശ്ശൂര്‍: തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്. ലോക്‌സഭാ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോര്‍ട്ട്. പൂരം വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി. അന്തര്‍ധാരയെന്നും റിപ്പോര്‍ട്ട്. കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയുടേതാണ് റിപ്പോര്‍ട്ട്.
അതിനിടെ, കോണ്‍ഗ്രസ് ഉപസമിതി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, വി.ഡി. സതീശന്‍ ഇത് അംഗീകരിക്കുമോ എന്ന് അറിയില്ല. ഈ റിപ്പോര്‍ട്ട് അംഗീകരിക്കുന്നെങ്കില്‍ പൂരം കലക്കിയിട്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന സതീശന്റെ പ്രസ്താവന അദ്ദേഹം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്നാണ് എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.