ആദ്യ അമ്മ വേഷം 22-ാം വയസ്സില്‍, ഒരേസമയം അമ്മയും നായികയുമായി; വിടവാങ്ങുന്നത് ആറു പതിറ്റാണ്ടിന്റെ അമ്മപ്പെരുമ
പ്രൗഡി ശോഷിച്ചെങ്കിലും കെട്ടിലും മട്ടിലും ക്ഷയിക്കാത്ത കൊട്ടാരത്തിന്റെ മട്ടുപ്പാവിലെ കിളിവാതിലിലൂടെ കൊട്ടാരത്തിന്റെ പടിപ്പുര കടന്നുവരുന്ന അനന്തന്‍ നമ്പൂതിരെയെ നോക്കി തമ്പുരാട്ടി ഉണ്ണീ… ഉണ്ണീ എന്നു നീട്ടിവിളിച്ചപ്പോള്‍ ആ വിളി കടന്നുചെന്നത് ഒരോ മലയാളി ഹൃദയങ്ങളിലേക്ക് കൂടിയാണ്.അത് ഉണ്ണിയല്ലെന്ന് കൂടെയുള്ളവര്‍ പറയുമ്പോഴും മകന്റെ മരണത്തില്‍ മനസ് കൈവിട്ടൊരമ്മയ്ക്ക് അത് പക്ഷെ ഉള്‍ക്കൊള്ളാനാകുന്നില്ല.. എന്നോട് നുണ പറയുന്നോ.. അത് എന്റെ ഉണ്ണി തന്നെയാ എന്ന് ഉറച്ച് വിശ്വസിക്കുന്ന അമ്മ.. ഹിസ്‌ഹൈനസ് അബ്ദുള്ളയിലെ ആ വിളിയും രംഗവും കാലാതീതമാണ്.
കവിയൂര്‍ പൊന്നമ്മയെന്ന അമ്മയെക്കുറിച്ച് മലയാളി സംസാരിക്കുമ്പോഴൊക്കെയും ഈ രംഗം ആ ചര്‍ച്ചയിലേക്ക കടന്നുവരാതിരിക്കില്ല. കവിയുര്‍ പൊന്നമ്മ മലയാളിക്ക് സ്വന്തം അമ്മയാണ്. നെഗറ്റീവ് ഭാവമുള്ള അമ്മ വേഷമാണെങ്കില്‍ പോലും കവിയുര്‍ പൊന്നമ്മ ആ വേഷത്തിലേക്ക് എത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയൊ അതിലേക്ക് നന്മയുടെ ഒരു അംശം കൂടി ചേരും. കവിയൂര്‍ പൊന്നമ്മയുടെ ഒരമ്മവേഷത്തെയും പൂര്‍ണ്ണമായും മലയാളി വെറുത്തിട്ടുണ്ടാവില്ല.
നിധി സൂക്ഷിച്ച പെട്ടിയുമായി ജോണ്‍ ഹോനായിക്ക് മുന്നില്‍ പേടിച്ച് നിന്ന അമ്മച്ചിയായി, പാരമ്പര്യമായി കൈമാറി വരുന്ന ഭ്രാന്തിന് മകന്‍ ഇരയാകേണ്ടി വരുമോയെന്ന സംശയത്തില്‍ വിഷം ചേര്‍ത്ത ഭക്ഷണം വാരിക്കൊടുത്ത അമ്മയായി,അപ്രതീക്ഷിതമായി മകന്‍ കൊലപ്പുള്ളിയായപ്പോള്‍ ജീവിതം തന്നെ ഇല്ലാതെയായ രോഗിയായി,അനിയന്റെയും അവന്റെ സഹായിയുടെയും തമ്പ്രാട്ടിയമ്മയായി ഇങ്ങനെ അമ്മ വേഷത്തിന്റെ സമാനതകളില്ലാത്ത ഭാവ വേഷപ്പകര്‍ച്ചകളുമായി പതിറ്റാണ്ടുകള്‍ നീണ്ട അമ്മ വേഷത്തിലൂടെ കവിയൂര്‍ പൊന്നമ്മ നമ്മെ വിസ്മയിപ്പിച്ചു..കരയിപ്പിച്ചു..സന്തോഷിപ്പിച്ചു.
വലിയ പാരമ്പര്യം അവകാശപ്പെടാനുള്ളതാണ് മലയാള സിനിമയിലെ അമ്മകഥാപാത്രങ്ങള്‍.ആറന്മുള്ള പൊന്നമ്മയ്ക്കും പങ്കജവല്ലിക്കും ശേഷം വന്നവരാണ് അടൂര്‍ ഭവാനി, ടി.ആര്‍.ഓമന, സുകുമാരി, അടൂര്‍ പങ്കജം, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍.ഇ വലിയ ശൃംഖലയുടെ പിന്മുറക്കാരിയായാണ് തന്റെ 22 ാം വയസ്സില്‍ കവിയുര്‍ പൊന്നമ്മ അമ്മ വേഷത്തിലേക്ക് എത്തുന്നത്.അന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ശശികുമാര്‍ സംവിധാനം ചെയ്ത ‘കുടുംബിനി’ യില്‍ ഷീലയുടെ അമ്മയായിട്ടഭിനയിച്ചു കൊണ്ടാണ് ഷീലയെക്കാള്‍ പ്രായം കുറവുള്ള കവിയൂര്‍ പൊന്നമ്മയുടെ കടന്നു വരവ്.
കുടുംബിനിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ പിന്നെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെല്ലാം പൊന്നമ്മച്ചേച്ചിയുടെ അമ്മവേഷത്തിനോടായി കൂടുതല്‍ താല്‍പര്യം. തൊട്ടടുത്ത വര്‍ഷം 1965ല്‍ പുറത്തിറങ്ങിയ ‘തൊമ്മന്റെ മക്കള്‍’ എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. ഓണ്‍-സ്‌ക്രീനിലെ മക്കള്‍ അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ മുതിര്‍ന്നവരായിരുന്നു. അങ്ങിനെ വീണ്ടും കവിയൂര്‍ പൊന്നമ്മ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചു. ഇതേ നടി തൊട്ടടുത്ത വര്‍ഷം ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ സത്യന്റെ നായികയായും വിസ്മയിപ്പിച്ചു.
ഈ അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന സമയത്തു തന്നെയാണ് ‘റോസി’യില്‍ നായികയായി വരുന്നതും. മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ‘അല്ലിയാമ്പല്‍ കടവില്‍’ എന്ന ഗാനരംഗത്ത് അഭിനിയിച്ചിരിക്കുന്നതും സാക്ഷാല്‍ പൊന്നമ്മയാണ്. പിന്നീടു നായികയുടെ ചേച്ചിയും ചേട്ടത്തിയും അമ്മായിയുമൊക്കെയായി വന്നതിനു ശേഷമാണ് മലയാള സിനിമയിലെ സ്ഥിരം അമ്മത്താരമായി പൊന്നമ്മ ചേച്ചി മാറുന്നത്. ആറന്മുള പൊന്നമ്മയെക്കാള്‍ നല്ല അമ്മ വേഷങ്ങള്‍ ചെയ്ത് സവിശേഷമായ ഒരു അഭിനയശേഷി കൈമുതലായി ഉള്ളതുകൊണ്ടാകാം അമ്മക്കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യയായ നടിയെന്ന പേര് പൊന്നമ്മ ചേച്ചിക്ക് ലഭിച്ചത്.
ആദ്യകാലം മുതലുള്ള എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് ഇപ്പോള്‍ പൊന്നമ്മച്ചേച്ചിയുടെ സിനിമാ സപര്യയ്ക്ക് നീണ്ട അറുപതാണ്ടിന്റെ കാലപ്പഴക്കം ഉണ്ടെങ്കിലും മലയാള സിനിമയില്‍ എല്ലാം തികഞ്ഞ മുഖപ്രസാദമുള്ള ഐശ്വര്യവതിയായ ഒരമ്മയെത്തേടുമ്പോള്‍ സംവിധായകനും നിര്‍മാതാക്കളുമൊക്കെ ആദ്യം പോകുന്നത് കവിയൂര്‍ പൊന്നമ്മ ചേച്ചിയുടെ സാന്നിധ്യം തേടിയാണ്.നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന മുന്‍വിധിയോ അതോ പൊതുധാരണ കൊണ്ടോ ആവാം അത്തരമൊരു സാഹസത്തിന് ആരും മുതിര്‍ന്നില്ലെന്നതാണ് സത്യം.
ആ ആഗ്രഹം സാധിച്ചില്ലെങ്കിലും ഒരു സിനിമയില്‍ കണ്ട അമ്മയായിരുന്നില്ല മറ്റൊരു സിനിമയില്‍.കഥാപാത്രങ്ങളുടെ പ്രായം പോലും ഒരോ പോലെ വന്നാലും തന്റെതായ മാറ്റം കൊണ്ടുവരാന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് സാധിച്ചു. സേതുമാധവന്റെ അമ്മയല്ല രാഘവന്‍ നായരുടെ അമ്മയായ ജാനകി,തേന്മാവിന്‍ കൊമ്പത്തിലെ യശോദാമ്മയല്ല ഇന്‍ ഹരിഹര്‍ നഗറിലെ ആന്‍ഡ്രൂസിന്റെ അമ്മച്ചി.. ഈ വ്യത്യസ്തകള്‍ തന്നെയാണ് നീണ്ട അറുപതാണ്ടുകളായി ഒരേ വേഷത്തിലെ കാഴ്ച്ചക്കാരെ മടുപ്പിക്കാതെ കൂടെ കൊണ്ടുനടക്കാന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് സാധിച്ചതും.അമ്മ വേഷത്തിലെ പകരം വെക്കാനില്ലാത്ത താരം തന്നെയാണ് കവിയൂര്‍ പൊന്നമ്മ.