ആലപ്പുഴ: ഭര്‍ത്താവെന്ന് അവകാശപ്പെട്ട് യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍. ആലപ്പുഴ ആര്യാട് നോര്‍ത്ത് കോളനിയില്‍ സുബിന് (കുക്കു-31) ആണ് തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്ന് രാമങ്കരി പോലീസിന്റെ പിടിയിലായത്.
തട്ടിക്കൊണ്ടുപോയ യുവതിയെയും കണ്ടെത്തി. സുബിന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ചുവെന്നും ഇവര്‍ പോലീസിനു മൊഴി നല്കി. ക്രിമിനല്‍ പശ്ചാത്തലമുള്ള സുബിന്, കുറ്റം ചെയ്തശേഷം തമിഴ്നാട്ടിലേക്കു മുങ്ങുക പതിവാണ്.
ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യംചെയ്തതിലൂടെ ഒളിസങ്കേതം കണ്ടെത്തിയ പോലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്‍പ് സുബിനൊപ്പമാണ് യുവതി കഴിഞ്ഞത്. ഇയാള്‍ മര്‍ദിച്ചെന്നുകാട്ടി നെടുമുടി സ്റ്റേഷനില്‍ യുവതിനല്‍കിയ പരാതിയുണ്ട്.
മര്‍ദനം സഹിക്കാതെ നെടുമുടിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട്, രാമങ്കരി വേഴപ്രയിലെ വീട്ടിലേക്കും മാറി.അവിടെയടുത്തുള്ള ബൈജുവുമായി അടുപ്പത്തിലായ യുവതി, കുറച്ചു ദിവസമായി അയാള്‍ക്കൊപ്പമായിരുന്നു. ഇതറിഞ്ഞ സുബിന് ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തി യുവതിയെയുംകൊണ്ട് പോകുകയായിരുന്നു.
രാമങ്കരി സ്റ്റേഷനില്‍നിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും കണ്ടെത്തിയത്. ഇവരെ നാട്ടിലെത്തിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.