വീണ്ടും അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത് ഭർത്താവിന്റെ അക്യുപങ്ചർ ചികിത്സ!! 37 കാരിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ കുഞ്ഞ് മരിച്ചു, യുവതിയുടെ മുറിവുകൾ പുഴുവരിച്ച നിലയിൽ, ചികിത്സയിലിരിക്കെ യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിനെതിരെ പരാതി, കേസ്

ചാവക്കാട്: പ്രസവത്തെതുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ചാവക്കാട് സ്വദേശിനിയായ 37 കാരി മുഹ്സിനയാണ് മരിച്ചത്. അക്യുപങ്ചർ ചികിത്സ നടത്തുന്ന ഭർത്താവായിരുന്നു വീട്ടിൽ വച്ച് മുഹ്സിനയുടെ പ്രസവമെടുത്തത്. മുഹ്സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു. പ്രസവം കഴിഞ്ഞ് നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു.
പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്സിനയുടെ മരണം. ഇവരുടെ ഭർത്താവായ എടക്കഴിയൂരിൽ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പരാതി നൽകി. ഇയാൾ അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ്.
പ്രസവത്തെ തുടർന്ന് യുവതിയുടെ മുറിവ് പുഴുവരിച്ച നിലയിലായിരുന്നു. എന്നിട്ടും ഭർത്താവ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.






