IndiaNEWS

ഇത് അഭിഷേക് കുമാർ, ജോലി ഗൂഗിളിൽ, ശമ്പളം 2 കോടി രൂപ

      കഠിനാധ്വാനവും ഉറച്ച ലക്ഷ്യബോധവുമാണ് അഭിഷേക് കുമാറിൻ്റെ വിജയ രഹസ്യം. ബിഹാര്‍ സ്വദേശിയായ ഈ യുവാവ്, ഒരു സാധാരണ മനുഷ്യന് സ്വപ്‌നം കാണാൻ കഴിയാത്തത്ര ഉയരത്തിലാണ് ഇപ്പോൾ എത്തി ചേർന്നിരിക്കുന്നത്. ടെക്കികളുടെ സ്വപ്‌നലക്ഷ്യമായ ഗൂഗിളിൽ ജോലി ലഭിച്ചിരിക്കുന്ന അഭിഷേകിൻ്റെ ശമ്പളം പ്രതിവര്‍ഷം രണ്ട് കോടി രൂപ…! ഒക്ടോബര്‍ മുതല്‍ അഭിഷേക് ലണ്ടനിലെ ഗൂഗിളിന്റെ ഓഫീസില്‍ ജോലി തുടങ്ങും.

ബിഹാറിലെ ജമുയി ജില്ലയിലാണ് അഭിഷേകിൻ്റെ വീട്. ജമുയി സിവില്‍ കോടതിയിലെ അഭിഭാഷകനാണ് അഭിഷേകിന്റെ പിതാവ് ഇന്ദ്രദേവ് യാദവ്. അമ്മ മഞ്ജുദേവി വീട്ടമ്മയും.

Signature-ad

അഭിഷേക് കുമാര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയത് പട്‌നയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി) നിന്നാണ്. പഠനശേഷം 2022-ല്‍ വര്‍ഷം1.08 കോടി രൂപ ശമ്പളത്തില്‍ ആമസോണില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. 2023 മാര്‍ച്ച് വരെ അഭിഷേക് അവിടെ തുടര്‍ന്നു. അതിന് ശേഷം ജര്‍മന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡിങ് യൂണിറ്റിലായിരുന്നു ജോലി. ഒടുവിലാണ്, ഓരോ മനുഷ്യൻ്റെയും ജീവിതത്തിന്റെ ഭാഗം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഗൂഗിളിലേക്ക് അഭിഷേക് കടന്നുചെല്ലുന്നത്.

ഈ നേട്ടത്തിലേക്കെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു എന്ന് അഭിഷേക് പറയുന്നു. സ്വന്തം ജോലിയും ഗൂഗിളിലെ ഇന്റര്‍വ്യൂവിൻ്റെ തയ്യാറെടുപ്പുകളും ഒന്നിച്ചുകൊണ്ടുപോയ ദിനങ്ങൾ…! ദിവസം എട്ടോ ഒമ്പതോ മണിക്കൂര്‍ ജോലി ചെയ്ത ശേഷം ബാക്കി സമയം കോഡിങ്ങിലെ കഴിവുകള്‍ മെച്ചപ്പെടുത്താനും ഇന്റര്‍വ്യൂവിന് തയ്യാറെടുക്കാനും വിനിയോഗിച്ചു എന്ന് ഈ യുവാവ് പറയുന്നു:

”ഞാന്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അതിനൊപ്പം ഇന്റര്‍വ്യൂവിനായി പരിശീലിക്കുക വലിയ വെല്ലുവിളിയായിരുന്നു. 8 മണിക്കൂറിലേറെ കമ്പനിയിലെ ജോലി ചെയ്തശേഷം ബാക്കി സമയമാണ് ഞാന്‍ ഇന്റര്‍വ്യൂവിനും കോഡിങ്ങിനുമായി ചെലവഴിച്ചത്.”

കഠിനാധ്വാനവും ഉറച്ച ലക്ഷ്യബോധവുമാണ് അഭിഷേകിന് ഗൂഗിളിലേക്കുള്ള വഴി തുറന്നത്. ചെറിയൊരു പട്ടണത്തിലാണ് താന്‍ ജീവിക്കുന്നതെങ്കിലും തന്റെ വേരുകള്‍ ഗ്രാമത്തിലാണെന്ന് അഭിഷേക് പറയുന്നു. അവിടെ ചെളികൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. ജോലി കിട്ടിയ ശേഷമാണ് പുതിയ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചതെന്നും അഭിഷേക് അഭിമാനത്തോടെ പറയുന്നു.

സ്വപ്‌നങ്ങളിലേക്കുള്ള യാത്ര തുടരുന്നവരോട് ‘എല്ലാം സാധ്യമാണ്’ എന്നാണ് അഭിഷേകിന് പറയാനുള്ളത്.

”ഗ്രാമത്തിലോ വന്‍ നഗരത്തിലോ, എവിടെ ജനിച്ചുവളര്‍ന്ന കുട്ടിയാണെങ്കിലും സമര്‍പ്പണ മനോഭാവത്തോടെ കഠിനാധ്വാനം ചെയ്താല്‍ അവര്‍ക്ക് വലിയ അവസരങ്ങള്‍ പിടിച്ചെടുക്കാം…”  അഭിഷേക് പറയുന്നു. മാതാപിതാക്കളും സഹോദരനുമാണ് തന്റെ വിജയത്തിന് പിന്നിലെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: