നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി മൂവാറ്റുപുഴ സ്വദേശിനിയായ യുവതി. നടിയുടെ അടുത്ത ബന്ധുവാണ് അതീവ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ഇവർ ഉന്നയിച്ച ആരോപണം. കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി.
‘‘ഈ സംഭവം നടക്കുന്ന 2014ൽ എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ സത്യം അങ്ങനെയല്ല എന്നു പുറത്ത് അറിയിക്കണമെന്ന് തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ സമയമാണ്. സിനിമയിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞാണ് എന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തലോടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്.
ഒടുവിൽ ഈ സ്ത്രീ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. ‘നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെ’ന്നാണ് ഈ നടി അന്ന് എന്നോട് പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ അന്ന് പറഞ്ഞത്…’’ ഞെട്ടിക്കുന്നതായിരുന്നു ആ യുവതിയുടെ വെളിപ്പെടുത്തൽ.