വിജയവാഡ: അനധികൃതമായി അറസ്റ്റ് ചെയ്തെന്ന നടിയുടെ പരാതിയില്‍ ആന്ധ്രാപ്രദേശില്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്തു. മുന്‍ ഇന്റിലിജന്‍സ് മേധാവിയായ ഡി.ജി.പി റാങ്കിലുള്ള പി.സീതാറാമ ആഞ്ജനേയുലു, ഐ.ജി കാന്തി റാണ ടാറ്റ, എസ്.പി വിശാല്‍ ഗുന്നി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.
അഹമ്മദാബാദ് സ്വദേശിയായ നടിയും മോഡലുമായ കാദംബരി ജെത്വാനിയുടെ പരാതിയിലാണ് നടപടി. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആസിഫ് അലി നായകനായ ഐ ലൗ മീ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു ഇരുപത്തിയെട്ടുകാരിയായ കാദംബരി ജെത്വാനി.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവായ സിനിമാ നിര്‍മ്മാതാവിന്റെ വ്യാജ പരാതിയില്‍ നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചെന്നാണ് പരാതി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം. അന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍.
ഭൂമി സമ്പാദിക്കുന്നതിന് നടി വ്യാജരേഖ ചമച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാതി. ഇയാള്‍ക്കെതിരെ മുംബയില്‍ താന്‍ നല്‍കിയ പരാതിയുടെ പ്രതികാരനടപടിയാണ് ഇതെന്നും ആ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി നടി ആരോപിച്ചു.
നടിയെ അറസ്റ്റ് ചെയ്യാന്‍ അന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന പി.എസ്.ആര്‍ ആഞ്ജനേയുലു, കാന്തി റാണ ടാറ്റയ്ക്കും വിശാല്‍ ഗുന്നിക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ഫെബ്രുവരി രണ്ടിനാണ് കേസെടുത്തത്. മുംബയില്‍ പോയി അറസ്റ്റ് ചെയ്യുകയായിരുന്നു.
കള്ളക്കേസ് ചുമത്തിയെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് കാദംബരി ജെത്വാനി ഇബ്രാഹിംപട്ടണം ജില്ലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിനും മറ്റുള്ളവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.