പത്തനംതിട്ട: പൊതുയോഗങ്ങളില്‍ നേതാക്കള്‍ സഭ്യമായ ഭാഷ ഉപയോഗിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനം. നേതാക്കള്‍ ഉള്‍പ്പെടെ പലപ്പോഴും അതിരുവിട്ട പദപ്രയോഗങ്ങള്‍ നടത്തുന്നുണ്ടെന്നാണു കഴിഞ്ഞ ദിവസം കൊടുമണ്‍ മേഖലയില്‍ നടന്ന ബ്രാഞ്ച് യോഗങ്ങളില്‍ വിമര്‍ശനമുണ്ടായത്. വിവാദ വിഷയങ്ങളില്‍ സംസാരിക്കുമ്പോള്‍ ഭരണകക്ഷിയെന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന അഭിപ്രായവും യോഗങ്ങളിലുണ്ടായി.
ഏഴംകുളം- കൈപ്പട്ടൂര്‍ റോഡിന്റെ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വിളിച്ച യോഗത്തില്‍ സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് വിമര്‍ശനമുണ്ടായി.
രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവരുടെ കുടുംബാംഗങ്ങളെ വരെ മോശം വാക്കുകള്‍ ഉപയോഗിച്ച് വിശേഷിപ്പിച്ചെന്നും വിമര്‍ശനമുണ്ടായി. പ്രസംഗം കേട്ടു നില്‍ക്കുന്ന പ്രവര്‍ത്തകരെ രസിപ്പിക്കാന്‍ ഏതു രീതിയിലുമുള്ള ഭാഷാ പ്രയോഗങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയുടെ നിലവാരമില്ലായ്മ വിളിച്ചോതുമെന്ന അഭിപ്രായമാണ് പൊതുവേ സമ്മേളനങ്ങളില്‍ ഉയര്‍ന്നത്.
മേല്‍കമ്മിറ്റികളില്‍ നിന്ന് സംഘടനാ ജോലികള്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരിലേക്ക് അടിച്ചേല്‍പിക്കുന്ന പ്രവണതയുണ്ടെന്നും തുടര്‍ച്ചയായി പിരിവിനായി ചെല്ലുമ്പോള്‍ ജനം പാര്‍ട്ടിയോട് അകലുകയാണുണ്ടാവുകയെന്നും ചില യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.