KeralaNEWS

മലയാള സിനിമയെ നയിക്കാന്‍ ‘ടീം മട്ടാഞ്ചേരി’; ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് നീക്കം

കൊച്ചി: മലയാള സിനിമാ രംഗത്ത് നിലവിലുള്ള സംഘടനകള്‍ക്കു ബദലായി പുതിയൊരു സംഘടന രൂപീകരിക്കാന്‍ നീക്കം. സംവിധായകരായ അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് സൂചിപ്പിക്കുന്നത്.

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കാനാണ് ആലോചന. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും, പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും സംഘടന വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുമെന്നും കത്തിലുണ്ട്.

Signature-ad

മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോള്‍ സിനിമാമേഖല പിന്നിലാണ്. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉള്‍ക്കൊണ്ട് മലയാള സിനിമാ വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംവിധായകന്‍ ആഷിക് അബു ‘ഫെഫ്ക’യില്‍നിന്ന് രാജിവെച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: