IndiaNEWS

മന്ത്രി അതിഷി മുതല്‍ സുനിത വരെ; ഡല്‍ഹിയില്‍ ആരാകും കെജ്രിവാളിന്റെ പകരക്കാരന്‍?

ന്യൂഡല്‍ഹി: മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് അപ്രതീക്ഷിതമായിട്ടാണ് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് കെജ്രിവാള്‍ തീരുമാനം പ്രഖ്യാപിച്ചത്.

എന്നാല്‍ രണ്ട് ദിവസത്തിന് ശേഷമാണ് രാജിവെക്കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു. ആരാകും കെജ്രിവാളിന്റെ പകരക്കാരന്‍ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കുന്നത്. പല പേരുകളും ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Signature-ad

മന്ത്രിമാരായ അതിഷി, ഗോപാല്‍ റായ്, കെജ്രിവാളിന്റെ ഭാര്യ സുനിത എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. അതേസമയം മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ കമാന്‍ഡറുമായ മനീഷ് സിസോദിയ ചുമതലയേല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. കെജ്രിവാളിനെപ്പോലെ ജനങ്ങള്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെ താന്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നാണ് സിസോദിയയുടെയും നിലപാട്.

വിദ്യാഭ്യാസം, ധനകാര്യം, റവന്യു, നിയമം എന്നിവയുള്‍പ്പെടെ ഏറ്റവുമധികം വകുപ്പുകള്‍ അതിഷിയുടെ കൈവശമാണ്. കെജ്രിവാള്‍ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രി കൂടിയാണ് അതിഷി. രാജ്യതലസ്ഥാനത്ത് പാര്‍ട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്‌കരണം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്. കെജ്രിവാള്‍ ജയിലിലായതോടെ സര്‍ക്കാരിന്റെ പ്രധാന മുഖമായി അതിഷി മാറിയിരുന്നു. കെജ്രിവാളിന്റെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഭരണകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാനും അതിഷി മുന്നിട്ടിറങ്ങി ശ്രദ്ധ നേടിയിരുന്നു.

കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലനില്ക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഡല്‍ഹി, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലെ പ്രചാരണം സുനിത ഏറ്റെടുത്തിരുന്നു. ‘ഇന്‍ഡ്യ’ സഖ്യ പരിപാടികളില്‍ സുനിതയുടെ സാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം സുനിത നിലവില്‍ എംഎല്‍എയോ എഎപി അംഗമോ അല്ല. താന്‍ ഒഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യക്ക് എന്ന നില കെജ്രിവാള്‍ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്.

മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ കാലം സേവനംചെയ്ത കൈലാഷ് ഗെഹ്ലോട്ടിന്റെ പേരും പരിഗണനയിലുണ്ട്. ഗതാഗതം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും യോഗങ്ങളിലുമെല്ലാം ഗെഹ്ലോട്ട് സജീവമാണ്. ഉദ്യോഗസ്ഥരുമായുള്ള വഴക്കുകള്‍ക്കിടയിലും അദ്ദേഹം തന്റെ വകുപ്പുകള്‍ ഭംഗിയായി നോക്കുന്നു എന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തലുണ്ട്.

ആരോഗ്യ-നഗര വികസന- ജല വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ്, വനം വകുപ്പ് മന്ത്രി ഗോപാല്‍ റായ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ഇമ്രാന്‍ ഹുസൈന്‍ എന്നിവരുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

അതേസമയം, കെജ്രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. അത് നേരത്തെ ആക്കണമെന്നാണ് എഎപി ആവശ്യം. നവംബറില്‍ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഡല്‍ഹിയേയും പരിഗണിക്കണമെന്നാണ് എഎപിയുടെ ആവശ്യം.

 

Back to top button
error: