KeralaNEWS

നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം ഇന്ന് തുടങ്ങും

   കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ നിർമാണം ഇന്ന് (ശനി) ആരംഭിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിന്റെ ഗതാഗത സംവിധാനം ഒരു പുത്തൻ ദിശയിലേക്ക് നീങ്ങും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം (പിങ്ക് ലൈൻ) നിർമാണം, നഗരത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. 1141 കോടി രൂപയുടെ നിർമാണ ചെലവോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അഫ്കോണ്‍സ് ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിർമാണ ചുമതല.

ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചിൻ സ്‌പെഷൽ ഇക്കണോമിക് സോൺ മെട്രോ സ്‌റ്റേഷൻ പരിസരത്ത് ആദ്യ വർക്കിങ് പൈൽ സ്ഥാപിച്ചാണ് നിർമാണത്തിന് തുടക്കമിടുന്നത്. ആദ്യ വർക്കിങ് പൈൽ നിർമാണ പ്രവർത്തനത്തിന്‍റെ സ്വിച്ച്‌ ഓണ്‍ ചടങ്ങ് മന്ത്രി പി. രാജീവ് നിർവഹിക്കും.

Signature-ad

കൊച്ചി മെട്രോ റെയിലിന്‍റെ അംഗീകരിച്ച പദ്ധതിയുടെ ആകെ നിർമാണ ചെലവ് 1957 കോടിയാണ്. നിർമാണം പൂർത്തികരിച്ച്‌ രണ്ടു വർഷത്തിനുള്ളിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.എം.ആർ.എല്‍ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) അധികൃതർ വ്യക്തമാക്കി.

എന്താണ് പ്രത്യേകത?

വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിൽ നിന്ന് മുക്തി നേടാനും സമയം ലാഭിക്കാനും ഈ പദ്ധതി സഹായിക്കും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും ഇത് സഹായിക്കും. പുതിയ മെട്രോ സ്റ്റേഷനുകൾ നഗരത്തിന്റെ രൂപഭാവത്തിൽ ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവരും.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം കൊച്ചിയുടെ വികസനത്തിൽ വൻ നാഴികക്കല്ലായിരിക്കും. ഈ പദ്ധതി നഗരത്തെ കൂടുതൽ ആധുനികവും സുസ്ഥിരവുമാക്കാൻ സഹായിക്കും. എന്നാൽ, പദ്ധതിയുടെ വിജയത്തിന് സർക്കാർ, കെ.എം.ആർ.എൽ, നിർമാണ കമ്പനി എന്നിവർ സംയുക്തമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: