അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ള പ്രായമാണ് കുട്ടികളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചാഘട്ടം. ശരീരം പുഷ്ടിപ്പെടുന്നതും ഉയരം വയ്ക്കുന്നതും പ്രായപൂര്‍ത്തിയെത്തുന്നതുമൊക്കെ ഈ പ്രായത്തിലാണ്.
സ്‌കൂള്‍ കുട്ടിക്ക് പ്രാതല്‍ ഒഴിവാക്കാമോ ?
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതീവ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പ്രഭാത ഭക്ഷണം. പ്രാതല്‍ നന്നായി കഴിച്ചാലേ കുട്ടികള്‍ക്ക് ക്ലാസില്‍ നന്നായി ശ്രദ്ധിക്കാന്‍ പറ്റൂ. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ. സ്‌കൂള്‍ ബസ് വരുന്നതിനു മുന്‍പുള്ള തിരക്കിനിടെ കുഞ്ഞിനെ പാല്‍ മാത്രം കുടിപ്പിച്ച് വിടുന്നത് ശരിയല്ല. വെറുംവയറ്റില്‍ പാല്‍ മാത്രം കുടിക്കുന്നത് വയറെരിച്ചിലിനും അസിഡിറ്റിക്കുമൊക്കെ കാരണമാകും. കഴിക്കാന്‍ സമയമില്ല എന്ന പതിവു പരാതിയുണ്ടെങ്കില്‍ പ്രാതല്‍ കൂടി പൊതിഞ്ഞുകൊടുത്തു വിടുക. കുട്ടി കഴിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നു മാത്രം. പ്രാതല്‍ ഒഴിവാക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമേ ദിവസം മുഴുവന്‍ ക്ഷീണം, പഠിക്കാന്‍ താല്‍പര്യക്കുറവ്, അലസത, ക്ലാസില്‍ ശ്രദ്ധയില്ലായ്മ തുടങ്ങിയവ വരാം. ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളവും കുട്ടിയെ കുടിപ്പിക്കുക.
ഇടനേരത്ത് കഴിക്കാന്‍ ബിസ്‌കറ്റും ബേക്കറി പലഹാരങ്ങളും കൊടുക്കാമോ ?
മധുരമുള്ള ഡിസേര്‍ട്ടുകള്‍, ശീതളപാനീയങ്ങള്‍, പഴങ്ങളുടെ മണവും രുചിയുമുള്ള ബോട്ടില്‍ഡ് ഡ്രിങ്കുകള്‍, ചിപ്‌സ്, മിഠായികള്‍ തുടങ്ങിയ മിക്ക ബേക്കറി വിഭവങ്ങളിലും കുട്ടികള്‍ക്കാവശ്യമായ പ്രത്യേക പോഷാംശങ്ങള്‍ ഒന്നും അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചു ശീലിപ്പിക്കാതെ ബേക്കറി പലഹാരങ്ങളും ബിസ്‌കറ്റും കൂടുതല്‍ നല്‍കുന്നത് നല്ലതല്ല.
ബിസ്‌ക്റ്റ് പോലെയുള്ളവ ഊര്‍ജം നല്‍കുമെങ്കിലും അവയില്‍ പോഷകങ്ങള്‍ കുറവാണ്. കൃത്രിമമധുരവും രുചിവര്‍ധകങ്ങളും അ ടങ്ങിയ ബേക്കറി ഭക്ഷണം പരിചയിക്കുന്ന കുഞ്ഞ് അവയുടെ രുചി തേടി പോകുമെന്നു മാത്രമല്ല, വീട്ടുഭക്ഷണങ്ങളോട് മുഖം തിരിക്കുകയും ചെയ്യും.
എന്തൊക്കെ സ്‌നാക് നല്‍കാം ?
നാലുമണി പലഹാരമായി എള്ളുണ്ട, നിലക്കടല മിഠായി, ഓട്ടട, കൊഴുക്കട്ട, പുഴുങ്ങിയ ചെറുപയര്‍, ഏത്തപ്പഴം, അവല്‍ നനച്ചത് തുടങ്ങിയവ നല്‍കാം. ഒരു പിടി കശുവണ്ടിയോ ഈന്തപ്പഴമോ, കാരറ്റും വെള്ളരിക്കയും അരിഞ്ഞതോ, കപ്പലണ്ടി മിഠായി, നുറുക്കിയ പഴങ്ങള്‍, അവല്‍ വിളയിച്ചത്, പഴംപൊരി, റാഗി അട തുടങ്ങിയവയില്‍ ഏതെങ്കിലും മതി ഇടനേരത്തെ സ്‌നാക്‌സ് നല്‍കാന്‍.
പാല്‍ ഇഷ്ടമില്ല. എന്തുചെയ്യും ?
കുട്ടിക്ക് ദിവസവും 250 മില്ലിലീറ്റര്‍ (ഒരു കപ്പ്) പാല്‍ മതി. ഇ ത് ചായയിലോ മറ്റോ ചേര്‍ത്ത് കൊടുത്താലും മതി. പാലും ചായയും ഇഷ്ടമില്ലാത്ത കുട്ടിക്ക് പഴങ്ങള്‍ ചേര്‍ത്തടിച്ച പാല്‍ തണുപ്പിച്ച് ‘മില്‍ക് ഷേക്ക്’ ആക്കി കൊടുക്കാം. പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കസ്റ്റര്‍ഡ് പുഡ്ഡിങ്ങും കുട്ടിക്ക് ഇഷ്ടമാകും. തൈരോ വെണ്ണയോ ചീസോ പനീറോ ഒക്കെയായി പാലുല്‍പന്നങ്ങള്‍ കുട്ടിയെക്കൊണ്ട് കഴിപ്പിച്ചാലും മതി.
സ്‌കൂളില്‍നിന്നു വന്നാല്‍ ക്ഷീണവും തലവേദനയും; ഭക്ഷണത്തിലെ പ്രശ്‌നമാണോ കാരണം?
ശരീരം കൂടുതല്‍ ഊര്‍ജം ചെലവഴിക്കുന്ന പ്രായമാണ് കുട്ടികളുടെ സ്‌കൂള്‍ പഠനാരംഭം. ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുന്നതിന് തലച്ചോറിനു ഊര്‍ജം ആവശ്യമാണ്. അതിനൊപ്പം കൂട്ടുകാരുമായി ഓടിക്കളിക്കുമ്പോഴും മറ്റും ശരീരത്തിലെ ഊര്‍ജനില ക്രമാതീതമായി താഴാം. ഇങ്ങനെ ഉണ്ടാകുന്ന ഊര്‍ജക്കുറവാണ് തലവേദന, തലകറക്കം, ക്ഷീണം തുടങ്ങിയവ ഉണ്ടാക്കുന്നത്.
പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം ദിവസവും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഒരു വിഭവം ഓരോ നേരവും ഭക്ഷണത്തി ല്‍ ഉള്‍പ്പെടുത്തിയാല്‍ മതി. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്‌സ്, പ യറുവര്‍ഗങ്ങള്‍ ഇവയിലെല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.
സ്‌കൂളിലേക്ക് എന്നും ചോറു തന്നെ കൊടുത്തു വിട്ടാല്‍ മതിയോ?
ഉച്ചഭക്ഷണത്തിനു വേണ്ടി പ്രാതല്‍ വിഭവം തന്നെ കൊടുത്തു വിടുന്നതിനേക്കാള്‍ നല്ലത് ചോറാണ്. രണ്ടുനേരവും ഒരേ വിഭവം കഴിക്കുന്നതു കൊണ്ടുള്ള കുട്ടിയുടെ മടുപ്പ് ഇതിലൂടെ ഒഴിവാക്കാം. ചില കുട്ടികള്‍ക്ക് പ്രാതല്‍ വിഭവം തന്നെയാകും വൈകിട്ടും കഴിക്കാന്‍ താല്‍പര്യം, അമ്മമാര്‍ക്കും തിരക്കിനിടെ അതാകും സൗകര്യവും. അപ്പോള്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മടിക്കേണ്ട. ഇടിയപ്പത്തിനുള്ളില്‍ ഇറച്ചി സ്റ്റഫ് ചെയ്തും ചപ്പാത്തി റോള്‍ പോലെയാക്കിയുമൊക്കെ പരീക്ഷണങ്ങളാകാം.
ചോറ് കഴിക്കുന്നതു വണ്ണം കൂട്ടുമെന്നത് തെറ്റിദ്ധാരണയാണ്. മൂന്ന് കപ്പ് ചോറിലുള്ളത് ആറ് ചപ്പാത്തിയിലുള്ള അതേ അളവ് കാലറിയാണ്. 100 ഗ്രാം അരിയില്‍ 354 കാലറിയും 100 ഗ്രാം ഗോതമ്പില്‍ 350 കാലറിയുമുണ്ട്. കറികള്‍ക്കൊപ്പം കഴിക്കുമ്പോള്‍ ചോറിന്റെ അളവു കൂടുന്നതാണ് അപകടം. ഗോതമ്പിനെക്കാള്‍ അരിയിലടങ്ങിയ പ്രോട്ടീനിന് ഗുണം കൂടുതലുമാണ്. ചോറുതന്നെ എല്ലാ ദിവസവും കൊടുത്തു വിടണമെന്നില്ല. പുലാവ്, വെജിറ്റബിള്‍ ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയവയും കുട്ടിക്ക് കൊടുക്കാം. ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം. ഒരു മിക്‌സഡ് വെജിറ്റബിള്‍ തോരനും പയറോ പരിപ്പോ ചേര്‍ന്ന ഒരു കറിയും ഏതെങ്കിലും പാലുല്‍പന്നവും ഉച്ചഭക്ഷണത്തില്‍ വേണം. തൈരോ മോരോ പ നീറോ ഒക്കെ ഉച്ചയ്ക്ക് കുട്ടിക്ക് കൊടുത്തുവിടാം. എരിവു കുറച്ച് തയാറാക്കുന്ന പുതുമയാര്‍ന്ന ചമ്മന്തികളും കുട്ടിക്ക് ഇഷ്ടമാകും.
പ്രാതലിനും അത്താഴത്തിനും നൂഡില്‍സ് നല്ലതാണോ?
മിക്ക കുട്ടികള്‍ക്കും കഴിക്കാന്‍ ഏറെ ഇഷ്ടമുള്ള വിഭവമാണ് നൂഡില്‍സ്, അമ്മമാര്‍ക്ക് തയാറാക്കാന്‍ എളുപ്പവും. എന്നാല്‍ മൈദ കൊണ്ടുണ്ടാക്കുന്ന നൂഡില്‍സില്‍ പ്രത്യേകിച്ച് പോഷകഗുണമൊന്നും ഇല്ല. നൂഡില്‍സ് തന്നെ ഒഴിവാക്കുന്നതിലും നല്ലത് അതിന്റെ പോഷകഗുണം കൂട്ടുന്നതാണ്. സാധാരണ നൂഡില്‍സിനു പകരം ആട്ട നൂഡില്‍സ് ഉപയോഗിക്കാം. ഒപ്പം വേവിച്ച പച്ചക്കറികള്‍ ചേര്‍ത്തും മുട്ടയോ ഇറച്ചിയോ ചേര്‍ത്തുമൊക്കെ കുട്ടിക്കു നല്‍കാം. ഇങ്ങനെ ചെയ്താല്‍ പ്രാതലായി നൂഡില്‍സ് കൊടുക്കുന്നതില്‍ തെറ്റില്ല. ഇതിനൊപ്പം ഒരു ഗ്ലാസ് പാല്‍ കൂടി നല്‍കണം. പാല്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടിക്ക്, പഴങ്ങള്‍ ചേര്‍ത്തടിച്ച മില്‍ക് ഷേക്ക് കൊടുക്കാം. നൂഡില്‍സിനൊപ്പം വറുത്തെടുത്ത പനീര്‍ നല്‍കിയാലും മതി.
അത്താഴത്തിന് ചോറോ ചപ്പാത്തിയോ ഗോതമ്പുദോശയോ സാലഡോ മതി. മൈദ ചേര്‍ന്നതോ മാംസ വിഭവങ്ങളോ ഒക്കെ ദഹിക്കാന്‍ പ്രയാസമാണെന്നതിനാല്‍ രാത്രി കുട്ടിക്ക് വയറില്‍ അസ്വസ്ഥത ഉണ്ടായേക്കാം. രാത്രി എട്ടു മണിക്കുള്ളില്‍ കുട്ടിക്ക് അത്താഴം കൊടുക്കണം, ഒന്നര മണിക്കൂറിനു ശേഷമേ കിടന്നുറങ്ങാന്‍ അനുവദിക്കാവൂ.
കുട്ടികള്‍ക്ക് പ്രാതലിന് എന്തൊക്കെ ആകാം?
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആഹാരത്തിലൂടെ കിട്ടുന്ന ഫ്രഷ് ഗ്ലൂക്കോസ് അത്യാവശ്യമാണ്. കാര്‍ബോ ഹൈഡ്രേറ്റിലൂടെയാണ് ഇതു ശരീരത്തിലെത്തുന്നത്. അതിനാല്‍ ദോശ, ഇഡ്ഡലി എന്നിവ പോലുള്ള അരിയാഹാരം ഒഴിവാക്കരുത്. ഇവയുടെ അളവു കുറച്ചെങ്കിലും ദിവസവും ശരീരത്തിലെത്തണം.
മുതിര്‍ന്നവര്‍ കഴിക്കുന്ന ഏതു പ്രഭാത ഭക്ഷണവും കുട്ടികള്‍ക്കും നല്‍കാം. അ തു സമീകൃതവും പോഷകപ്രദവും ആകണമെന്നു മാത്രം. ഇഡ്ഡലി, ദോശ, അപ്പം, ചപ്പാത്തി, വെജിറ്റബിള്‍ ഉപ്പുമാവ്, പുട്ട്, ഇടിയപ്പം തുടങ്ങിയവയില്‍ എതെങ്കിലുമൊന്നിനൊപ്പം സാമ്പാര്‍, കടലക്കറി, പയറുകറി, പലതരം ചട്‌നികള്‍, വെജിറ്റബിള്‍ കറി എന്നിവയിലേതെങ്കിലുമാകാം. ആഴ്ചയിലൊരിക്കല്‍ പൂരിയോ ഓട്‌സോ കോണ്‍ഫ്‌ലേക്‌സ് പാലിനൊപ്പമോ പരീക്ഷിക്കാം. ചപ്പാത്തിയില്‍ രുചി കൂട്ടാനും പോഷണം വര്‍ധിപ്പിക്കാനുമായി സോയാപ്പൊടി കൂടി കൂട്ടിക്കുഴച്ചും, വെജിറ്റബിള്‍ റോള്‍ പോലെ വിളമ്പിയും കുട്ടിക്ക് താല്‍പര്യം വര്‍ധിപ്പിക്കാം. രാവിലെ പ്രാതലിനൊപ്പം ഒരു കപ്പ് പാലോ പാല്‍ ചേര്‍ത്ത ചായയോ കുടിക്കാന്‍ കൊടുക്കാം. വളരുന്ന പ്രായത്തില്‍ കുട്ടികളുടെ ഭക്ഷണത്തില്‍ നിറയെ എനര്‍ജിയും പ്രോട്ടീനുമൊക്കെ ഇതിലൂടെ ഉറപ്പാക്കാം.