KeralaNEWS

വെള്ളമില്ലാതെ സെക്രട്ടേറിയേറ്റ്; കാന്റീന്‍ പൂട്ടി, കൈ കഴുകാന്‍ കുപ്പിവെള്ളത്തെ ആശ്രയിച്ച് ജീവനക്കാര്‍

തിരുവനന്തപുരം: വെള്ളമില്ലാതെ വലഞ്ഞ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റ്. വെള്ളമില്ലാത്തതുകാരണം സെക്രട്ടേറിയേറ്റ് കാന്റീന്‍, കോഫീ ഹൗസ് എന്നിവ താത്ക്കാലികമായി പൂട്ടി. സെക്ഷനുകളില്‍ ഉള്ള ജീവനക്കാര്‍ കൈ കഴുകുന്നതിനും മറ്റും കുപ്പി വെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാന നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട്.

തിരുവനന്തപുരം- നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റിയുടെ, നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയ്‌നിന്റെ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്നതിന്റെ പണികള്‍ നടക്കുന്നതിനാലാണ് കുടിവെള്ള പ്രതിസന്ധിയുണ്ടായത്.

Signature-ad

അറിയിപ്പ് പ്രകാരം ഇന്ന് രാവിലെ എട്ടുമണിക്കുള്ളില്‍ ജലവിതരണം പുനസ്ഥാപിക്കേണ്ടതാണ്. എന്നാല്‍, പലയിടത്തും കുടിവെള്ളം പൈപ്പില്‍ ലഭ്യമല്ലെന്നാണ് വിവരം.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുത്തന്‍പള്ളി, ആറ്റുകാല്‍, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂര്‍, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗര്‍, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകള്‍, തിരുമല, വലിയവിള, പി.ടി.പി., കൊടുങ്ങാനൂര്‍, കാച്ചാണി, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നീ വാര്‍ഡുകളില്‍ പൂര്‍ണമായും രണ്ടുദിവസം ജലവിതരണം മുടങ്ങുമെന്നായിരുന്നു കഴിഞ്ഞ രണ്ടാം തീയതി വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇതിനൊപ്പം ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂര്‍, കുന്നുകുഴി, പട്ടം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പണി നീണ്ടുപോയതോടെ ജലവിതരണം പുനഃസ്ഥാപിക്കുന്നത് വൈകി.

Back to top button
error: